രാജ്യത്തിന്‍റെ അഭിമാനമായ ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള സംയുക്ത എയർഡ്രോപ് പരീക്ഷണം വിജയകരം. ഇന്ന് രാവിലെ 6ന് ശ്രീഹരിക്കോട്ടക്കടുത്ത് ബംഗാൾ ഉൾക്കടലിലായിരുന്നു പരീക്ഷണം. ഐഎസ്ആർഒയും വ്യോമ-നാവികസേനയും സംയുക്തമായാണ് പരീക്ഷണം നടത്തിയത്.
ബഹിരാകാശത്തുനിന്ന് പേടകം തിരിച്ചിറങ്ങുമ്പോൾ സുരക്ഷ ഉറപ്പാക്കുന്നതിനും വേഗം നിയന്ത്രിക്കുന്നതിനുമായുള്ള പാരച്യൂട്ടുകളുടെ പ്രവർത്തനക്ഷമത വിലയിരുത്തുന്നതിനാണ് പരീക്ഷണം നടത്തിയത്. ബഹിരാകാശ പേടകത്തിന്‍റെ ഭാരത്തിന് തുല്യമായ 5 ടൺ ഡമ്മി പേലോഡ് കടലിൽ നിന്ന് നാല് കിലോമീറ്റർ ഉയരത്തിൽ നിന്ന് വ്യോമസോനയുടെ ചിനൂക് ഹെലിക്കോപ്റ്ററിൽ നിന്ന് വേർപെട്ട് താഴേക്ക്.
ക്രൂ മോഡ്യൂൾ കംപാർട്ട്മെന്റിനുള്ള സംരക്ഷണ കവചമായി രണ്ട് പാരച്യൂട്ടുകൾ.വേഗം സ്ഥിരപ്പെടുത്തുന്നതിനും കുറക്കുന്നതിനുമായി രണ്ട് ഡ്രോഗ് പാരച്യൂട്ടുകൾ. പ്രധാന പാരച്യൂട്ടുകളെ സ്വതന്ത്രമാക്കുന്നതിന് മറ്റ് മൂന്ന് പാരച്യൂട്ടുകൾ ഇങ്ങനെ പത്ത് പാരച്യൂട്ടുകളാണുള്ളത്. പാരച്യൂട്ടുകൾ പൂർണമായി തുറക്കാതിരിക്കുന്നതും തുറക്കാൻ വൈകുന്നതുമായ സാഹചര്യങ്ങളിൽ പ്രതിവിധി വിലയിരുത്തുന്നതിനുമാണ് പരീക്ഷണം നടത്തിയത്.
അതേസമയം, ഒരു പാരച്യൂട്ട് മാത്രം തുറക്കാതിരുന്നാലോ രണ്ട് പാരച്യൂട്ടുകളും ഒരുപോലെ തുറക്കാതിരുന്നാൽ ഉളള അവസ്ഥയും തുറക്കാൻ വൈകുന്ന സാഹചര്യവും പരിശോധിക്കും. ഇനിയും നിരവധി പരീക്ഷണങ്ങൾ ഉണ്ടാകും. ഓരോ പരീക്ഷണങ്ങളുടെയും പുരോഗതിയും ഫലവും വിലയിരുത്തിയ ശേഷമാകും കൂടുതൽ പരീക്ഷണങ്ങൾ നിശ്ചയിക്കുക. പാരച്യൂട്ടുകളുടെ പരീക്ഷണം വിജയകരമായി പൂർത്തിയായതോടെ ദൗത്യത്തിന്റെ നിർണായകമായ ഒരു ഘട്ടം കൂടി പിന്നിട്ടിരിക്കുകയാണ്.