എറണാകുളം പറവൂരിൽ പലിശക്കാരുടെ ഭീഷണിയിൽ വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ് കുമാറും ഭാര്യ ബിന്ദുവും ഒളിവിൽ. കസ്റ്റഡിയിലെടുത്ത പ്രദീപ് കുമാറിന്റെ മകളെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതേസമയം അറസ്റ്റ് ചോദ്യം ചെയ്ത് മകളുടെ അഭിഭാഷക ഹൈക്കോടതിയെ സമീപിക്കും.
ഭർത്താവ് ജോലി ചെയ്യുന്ന സ്ഥലത്ത് എത്തിയാണ് പൊലീസ് മകളെ കസ്റ്റഡിയിലെടുത്തത്. മജിസ്‌ട്രേറ്റിന്റെ ഉത്തരവുമായെത്തിയാണ് മകളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കോട്ടുവള്ളി സ്വദേശി ആശ വട്ടി പലിശക്കാരുടെ ഭീഷണിയെ തുടർന്ന് പുഴയിൽച്ചാടി ജീവനൊടുക്കിയത്. മുൻ പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ് കുമാറിന്റെ ഭാര്യ ബിന്ദുവാണ് ഇവർക്ക് പണം നൽകിയത്. ഇരുവരും ആശയെ ഭീഷണിപ്പെടുത്തിയെന്ന് ഭർത്താവ് ബെന്നി ആരോപിച്ചു.
ആശയുടെ ആത്മഹത്യ കുറിപ്പിലും ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ ഉണ്ടായിരുന്നു. രണ്ട് തവണകളായി 10 ലക്ഷം രൂപയാണ് ബിന്ദുവിൽ നിന്ന് ആശ വാങ്ങിയതെങ്കിലും 24 ലക്ഷത്തോളം തിരികെ നൽകിയെന്ന് കുടുംബം പറയുന്നു. പരാതി നൽകിയെങ്കിലും പൊലീസ് വേണ്ടരീതിയിൽ ഇടപെട്ടില്ലെന്നും ആരോപണം. സംഭവത്തിൽ അയൽവാസിയായ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനും ഭാര്യക്കുമെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു.

 
                         
                         
                         
                         
                         
                        



