എറണാകുളം പറവൂരില്‍ പലിശക്കാരുടെ ഭീഷണിയില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ നടപടികളിലേക്ക് പൊലീസ്. വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാറിനും ഭാര്യ ബിന്ദുവിനെതിരെയും ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി.
പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെയാണ് കോട്ടുവള്ളി സ്വദേശി ആശ ബെന്നി പുഴയില്‍ ചാടി ജീവനൊടുക്കിയത്. മുന്‍പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാറിന്റെ ഭാര്യ ബിന്ദുവാണ് ഇവര്‍ക്ക് പണം നല്‍കിയത്. പണം നല്‍കിയവര്‍ ആശയെ ഭീഷണിപ്പെടുത്തിയെന്ന് ഭര്‍ത്താവ് ബെന്നി ആരോപിക്കുന്നു. ആശയുടെ ആത്മഹത്യ കുറിപ്പിലും ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. ഭീഷണിയെ തുടര്‍ന്ന് ആശ നേരത്തെ കൈഞരമ്പ് മുറിച്ചിരുന്നു. മുതലും മുതലിന്റെ ഇരട്ടി പലിശയും നല്‍കിയെന്നും ബെന്നി പറയുന്നു.
രണ്ട് തവണകളായി 10 ലക്ഷം രൂപയാണ് ബിന്ദുവില്‍ നിന്ന് ആശ വാങ്ങിയതെങ്കിലും 24 ലക്ഷത്തോളം തിരികെ നല്‍കിയെന്നാണ് ആശ പറഞ്ഞതെന്ന് കുടുംബം വെളിപ്പെടുത്തുന്നു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും വേണ്ട രീതിയില്‍ ഇടപെട്ടില്ല എന്നും കുടുംബത്തിന്റെ ആരോപണം ഉണ്ട്.
ബിന്ദുവും ഭര്‍ത്താവ് പ്രദീപ് കുമാറും ഒളിവില്‍ ആണെന്നും ഇരുവരെയും ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നും പറവൂര്‍ പൊലീസ് അറിയിച്ചു. പ്രദീപ് വരാപ്പുഴ കസ്റ്റഡി മരണ കേസുമായി ബന്ധപ്പെട്ട കൈക്കൂലി കേസില്‍ പ്രതി ആയിരുന്നു. ബിന്ദു നല്‍കിയ പണത്തിന്റെ സ്രോതസും പൊലീസ് അന്വേഷിക്കും. തനിക്ക് ലഭിച്ച പണം ആശ എങ്ങനെ വിനിയോഗിച്ചു എന്നും അന്വേഷിക്കുന്നുണ്ട്. ഏതെങ്കിലും ദുരൂഹ സാമ്പത്തിക ഇടപാടുകളില്‍ ഈ പണം ആശ നിക്ഷേപിച്ചോ എന്ന ബലമായ സംശയത്തിലാണ് അന്വേഷണ സംഘം. ബിന്ദുവിന് അപ്പുറം കൂടുതല്‍ ആളുകളില്‍നിന്ന് ആശ പണം കടം വാങ്ങിയതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വഴി ചുരുങ്ങിയ തുകയുടെ ഇടപാട് മാത്രമാണ് നടന്നത്. ബാക്കിയെല്ലാം പണമായിട്ട് തന്നെയാണ് നല്‍കിയതെന്ന് പൊലീസ് അറിയിച്ചു. ആശയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കേസ് മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും.