കാസർഗോഡിന്റെ തീരദേശ മേഖലകളിൽ ഇൻഫ്‌ളുവൻസ വൈറസ് പരക്കുന്നു.*

കോട്ടിക്കുളം: മഴക്കാലം ശക്തിയാർജ്ജിച്ചതോടെ പനിയും അനുബന്ധ ബുദ്ധിമുട്ടുകളും കൂടി വരിക എല്ലാ വർഷവും പതിവാണ്. എന്നാൽ ഇത്തവണത്തെ പനി സീസണിൽ ഏറെ ആശങ്കാജനകമായ ഒരു കണ്ടെത്തലാണ് പാലക്കുന്ന് ഇൻഡ്യാന ഹോസ്പിറ്റൽ നടത്തിയിരിക്കുന്നത്.

കടുത്ത പനി, ചുമ, തൊണ്ടവേദന, ശ്വസനപ്രശ്നങ്ങൾ മുതലായ ലക്ഷണങ്ങളുമായി കോട്ടിക്കുളം ഇൻഡ്യാന ഹോസ്പിറ്റലിൽ ചികിത്സക്കെത്തിയ രോഗികളിൽ ഒരേ തരത്തിലുള്ള അസ്വാഭാവികത ശ്രദ്ധിക്കപ്പെട്ടതോടെയാണ് സീനിയർ കൺസൽട്ടൻറ് ഫിസിഷ്യനായ ഡോ. സച്ചിൻ മാധവ് ഇവരുടെ സാമ്പിളുകൾ പരിശോധയ്ക്ക് വിധേയമാക്കിയത്. ഇവരിൽ അപൂർവമായ ഇൻഫ്‌ളൂവൻസ എ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ജൂലായിൽ പരിശോധനക്കെത്തിയവരിൽ ഇതിനോടകം 20 പേരിൽ ഇൻഫ്‌ളൂവൻസ എ യും ഒരാളിൽ ഇൻഫ്‌ളൂവൻസ ബി വൈറസും സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രിയുടെ ചുറ്റുവട്ട പഞ്ചായത്തുകളായ പള്ളിക്കര, ഉദുമ, ചെമ്മനാട്, അജാനൂർ എന്നിവിടങ്ങളിൽ നിന്നുള്ള രോഗികൾക്കാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ കൂടുതലും സ്ത്രീകളാണ് എന്നതാണ് മറ്റൊരു വസ്തുത. കേരളത്തിൽ കൊല്ലം ജില്ലയിൽ മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് എച്ച് 1.എൻ 1 ഒരു രോഗിയിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനു സമാന്തരമായാണ് കാസർഗോഡ് ജില്ലയിലെ ഈ കണ്ടെത്തൽ.

ഇൻഫ്‌ളുവൻസ വൈറസുകളുടെ ഗണത്തിൽ പെടുന്നവയാണ് പക്ഷിപ്പനി, പന്നിപ്പനി എന്നിവ പരത്തുന്ന വൈറസുകൾ. മനുഷ്യർക്ക് അപൂർവ്വമായി ഇൻഫ്ലുവൻസ എ വൈറസുകൾ ബാധിക്കാം. ലക്ഷണങ്ങളിൽ സാധാരണയായി പനി , ചുമ , തൊണ്ടവേദന , പേശിവേദന , ചെങ്കണ്ണ്, എന്നിവയും തീവ്രമാകുന്ന അവസ്ഥകളിൽ ശ്വസന പ്രശ്നങ്ങൾ, മരണകാരണമായേക്കാവുന്ന ന്യുമോണിയ എന്നിവയും ഉണ്ടാകാറുണ്ട്. പ്രാരംഭ ഘട്ടത്തിൽ ആൻറിവൈറൽ മരുന്നുകൾ ഉപയോഗിച്ച് ചികിത്സിക്കാൻ കഴിയുന്നതാണെങ്കിലും ചികിത്സയുടെ അഭാവം ഗുരുതരാവസ്ഥയിലേക്ക് കടക്കാനും സാധ്യത കൂടുതലാണ്.

തുടക്കത്തിൽ തന്നെ ആന്റി വൈറൽ ചികിത്സ ലഭ്യമാക്കിയത് കൊണ്ട് വൈറസ് സ്ഥിരീകരിച്ച രോഗികൾ ഗുരുതരാവസ്ഥയിലേക്ക് കടക്കുന്നത് തടയാൻ കഴിഞ്ഞു. പുതുതായി ലക്ഷണങ്ങൾ ഉള്ള രോഗികൾ ഉടൻ തന്നെ വൈദ്യ സഹായം തേടുക, മാസ്ക് വെക്കുന്നത് രോഗ വ്യാപനം തടയാൻ ഉപകരിക്കും, ഗർഭിണികൾ, നവജാത ശിശുക്കൾ, പ്രമേഹ രോഗികൾ എന്നിവർ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ കഴിയുന്നതും ഒഴിവാക്കണം. ഡോ. സച്ചിൻ മാധവ് അഭിപ്രായപ്പെട്ടു. ലാബ് ഫലങ്ങളുടെ രേഖകൾ ആരോഗ്യവകുപ്പിന് ആശുപത്രി അധികൃതർ കൈമാറിയിട്ടുണ്ട്.