വീണാ ജോർജിനെതിരായ പ്രതിപക്ഷ പ്രതിഷേധം ചെറുക്കാൻ LDF; വിശദീകരണ യോഗം സംഘടിപ്പിക്കാൻ തീരുമാനം

വീണാ ജോർജിനെതിരായ പ്രതിപക്ഷ പ്രതിഷേധം ചെറുക്കാൻ എൽഡിഎഫ്.
സി.പി.ഐ.എമ്മിന് പിന്നാലെ എൽ.ഡി.എഫ് ഒറ്റക്കെട്ടായി രംഗത്തെത്തിയിരിക്കുകയാണ്. വ്യാഴാഴ്ച ആറന്മുള നിയോജകമണ്ഡലത്തിൽ വിശദീകരണ യോഗം നടത്താൻ പാർട്ടിയുടെ ജില്ലാ നേതൃത്വം തീരുമാനിച്ചു.അതോടൊപ്പം വിവിധ പഞ്ചായത്തുകളിലായി റാലികളും പൊതുയോഗങ്ങളും സംഘടിപ്പിക്കും.

സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റിലാണ് ഈ തീരുമാനങ്ങൾ എടുത്തത്.
വീണാ ജോർജിനെ വിമർശിച്ച നേതാക്കൾക്കെതിരെ പാർട്ടി തലത്തിൽ നടപടിയെടുക്കാനും തീരുമാനിച്ചു.സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടവർക്കെതിരെയാകും പാർട്ടി നടപടി. മൂന്നു ദിവസത്തിനകം നടപടി സ്വീകരിച്ച്, വിശദമായ റിപ്പോർട്ട് ജില്ലാ സെക്രട്ടറിയേറ്റിന് സമർപ്പിക്കാൻ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം പത്തനംതിട്ടയിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളെ വീട്ടിൽ കയറി അറസ്റ്റ് ചെയ്ത് പൊലീസ്. ജില്ലാ ജനറൽ സെക്രട്ടറി ജിതിൻ ജെ നൈനാൻ, ആറന്മുള മണ്ഡലം പ്രസിഡന്റ് ഏദൻ ജോർജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു.പ്രതിഷേധത്തിൽ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.

ആരോഗ്യമന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച സമരത്തിനിടെ പൊലീസ് വാഹനത്തിന് കേടുപാടു വരുത്തിയ കേസിലാണ് ജിതിൻ കെ നൈനാനെ അറസ്റ്റ് ചെയ്തത്. സമരത്തിനിടെ, കിടങ്ങന്നൂർ വല്ലന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ശിലാഫലകം അടിച്ചു തകർത്ത കേസിലാണ് ഏദൻ ജോർജിനെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞു.