ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ പൊലീസുകാരുടെ സസ്പെൻഷൻ റദ്ദാക്കി സെൻട്രൽ അഡ്മിനിസ്ട്രറ്റീവ് ട്രിബ്യൂണൽ. ബെംഗളൂരു പൊലീസ് മേധാവി ഉൾപ്പെടെ നാലുപേരുടെ സസ്പെൻഷൻ ആണ് റദ്ദാക്കിയത്. പ്രഥമദൃഷ്ട്യ ദുരന്തത്തിന് ഉത്തരവാദികൾ ആർസിബി ടീം എന്ന് ട്രിബ്യൂണൽ വിലയിരുത്തി. ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പുനഃപരിശോധിക്കണമെന്നും സിഎടി സർക്കാരിനോട് നിർദ്ദേശിച്ചു.
തിടുക്കപ്പെട്ട് പരിപാടി സംഘടിപ്പിച്ചതാണ് ദുരന്തത്തിന് കാരണം.പൊലീസ് അനുമതി വാങ്ങാതെയായിരുന്നു പരിപാടി പ്രഖ്യാപിച്ചിരുന്നതെന്നും സെൻട്രൽ അഡ്മിനിസ്ട്രറ്റീവ് ട്രിബ്യൂണൽ കണ്ടെത്തി. ജൂൺ 4 ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎൽ കിരീട നേട്ടത്തിന്റെ ആഘോഷത്തിനിടയായിരുന്നു ദുരന്തം. 18 വർഷത്തിന് ശേഷമായിരുന്നു ടീം ഐപിഎൽ ട്രോഫി നേടുന്നത്. തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് അപകടത്തിൽ മരിച്ചത്. നിരവധിപേർക്ക് പരുക്കേറ്റിരുന്നു.