Headlines

‘ കേരളത്തിലെ പൊതു ആരോഗ്യരംഗം പ്രതിസന്ധിയില്‍; പരിഹാരത്തിനായി കാണിക്കുന്ന അലംഭാവത്തിന് വലിയ വില നല്‍കേണ്ടിവരും’; ശശി തരൂര്‍

കേരളത്തിലെ പൊതു ആരോഗ്യരംഗം പ്രതിസന്ധിയിലെന്ന് ഡോ. ശശി തരൂര്‍ എം.പി. പതിറ്റാണ്ടുകളായി നേടിയതെല്ലാം നഷ്ടപ്പെടും എന്ന നിലയിലെന്നും പരിഹാരത്തിനായി കാണിക്കുന്ന അലംഭാവത്തിന് വലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളോട് ഇഷ്ടവും വിശ്വാസവുമെന്നും രണ്ടുതവണ താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയെ ആശ്രയിച്ചപ്പോഴും മെച്ചപ്പെട്ട ചികിത്സയും സ്‌നേഹപൂര്‍ണ്ണമായ പരിചരണവും ലഭിച്ചുവെന്നും അദ്ദേഹം കുറിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ കരുണാപൂര്‍വ്വം ഇടപെട്ടു. പലപ്പോഴും ഉപകരണങ്ങളും മരുന്നുകളും പോലും ഇല്ലാതെ പ്രവര്‍ത്തിക്കേണ്ടി വരുന്ന അവസ്ഥയുണ്ട്. സാധ്യമായതെല്ലാം ചെയ്താലും പഴി കേള്‍ക്കുന്നതാണ് അവസ്ഥ. താന്‍ എം.പി ആയതിനുശേഷം ഏഴരക്കോടിയോളം രൂപ ആരോഗ്യ മേഖലയില്‍ ചിലവാക്കി – ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

എനിക്കെന്നും കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളോട് ഇഷ്ടവും വിശ്വാസവുമാണ്. ണ്ടു തവണ എനിക്ക് മെഡിക്കല്‍ എമര്‍ജന്‍സി ഉണ്ടായപ്പോഴും ഞാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയെയാണ് ആശ്രയിച്ചത്.മെച്ചപ്പെട്ട ചികില്‍സയും സ്‌നേഹപൂര്‍ണമായ പരിചരണവും എനിക്കു ലഭിച്ചു. സേവന സന്നദ്ധരും സ്‌നേഹസമ്പന്നരുമായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വളരെ കരുണാപൂര്‍വം ആണ് ഇടപെട്ടത്. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. പലപ്പോഴും ഉപകരണങ്ങള്‍, മരുന്നുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കേങ്ങി വരുന്ന അവസ്ഥയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്. സാധ്യമായതെല്ലാം ചെയ്താലും പഴികേള്‍ക്കേണ്ട അവസ്ഥ. ഞാന്‍ എം പി ആയതിനു ശേഷം എം പി ഫണ്ടില്‍ നിന്നും ഏഴര കോടിയോളം രൂപയാണ് ആരോഗ്യ മേഖലയില്‍ ചിലവാക്കിയത് – അദ്ദേഹം സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.

ഡയാലിസിസ് യൂണിറ്റുകള്‍, കോവിഡ് കിറ്റുകള്‍, ബ്രിഡ്ജ് അപ്പാരറ്റസ്, വെന്റിലേറ്ററുകള്‍ തുടങ്ങി ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പലതും എംപി ഫണ്ടുപയോഗിച്ച് ലഭ്യമാക്കിയിട്ടുണ്ടെന്ന് വിശദമായ കണക്ക് ഉള്‍പ്പടെ വെളിപ്പെടുത്തിയാണ് അദ്ദേഹം വ്യക്തമാക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് മാത്രം 1.28 കോടി രൂപയുടെ ഉപകരണങ്ങളും മറ്റും ലഭ്യമാക്കിയിട്ടുണ്ട്. ഇതില്‍ (2019-24 കാലഘട്ടത്തില്‍ ) ഇപ്പോള്‍ വിവാദമായ യൂറോളജി വകുപ്പിനു മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാനായി നല്‍കിയ 17 ലക്ഷം രൂപയും ഉള്‍പ്പെടും.കോവിഡ് കാലത്ത് മാര്‍ഗരേഖ പോലും പുനക്രമീകരിച്ചാണ് എം പി ഫണ്ട് വിനിയോഗിച്ച് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയത്. ഇന്നിപ്പോള്‍ അതിസങ്കീര്‍ണമായ നടപടിക്രമങ്ങള്‍, പഴഞ്ചന്‍ ഭരണരീതികള്‍ , രോഗികളുടെ ബാഹുല്യം, നയ വ്യക്തത ഇല്ലായ്മ, നേതൃത്വത്തിന്റെ പിടിപ്പുകേട് തുടങ്ങി നിരവധി ഘടകങ്ങള്‍ നമ്മുടെ മെഡിക്കല്‍ കോളേജുകളെയും അവയോടനുബന്ധിച്ച ആശുപത്രികളെയും പരിതാപകരമായ അവസ്ഥയിലെത്തിച്ചിരിക്കുന്നു എന്നത് നിര്‍ഭാഗ്യകരമാണ് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NEET പരീക്ഷയില്‍ ഉയര്‍ന്ന റാങ്കുകള്‍ നേടിയ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ എത്തുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിങ്ങി ഞെരുങ്ങിയാണ് ഇടിഞ്ഞു പൊളിഞ്ഞ ഹോസ്റ്റലില്‍ അവര്‍ താമസിച്ച് പഠിക്കുന്നത്. ഇതെല്ലാം പരിഹരിക്കപ്പെടണം. ആരോഗ്യ വകുപ്പിന് നല്ല നേതൃത്വം ഉണ്ടാകണം. സംവിധാനങ്ങള്‍ ഉടച്ചുവാര്‍ക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ സ്ഥലം മാറ്റം മാത്രമല്ല ആരോഗ്യ വകുപ്പ് ഭരണം. അര്‍ഹതക്ക് അംഗീകാരം നല്‍കണം മികച്ച ഡോക്ടര്‍മാരെ അംഗീകരിക്കണം. ഗവേഷണത്തിനും പഠനത്തിനും പ്രാധാന്യം നല്‍കണം . സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഫണ്ട് നല്‍കണം. അതു കാര്യക്ഷമമായി വിനിയോഗിക്കപ്പെടണം. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാനുള്ള അവസരവുമൊരുക്കണം. നമ്മുടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ പൊതുജനാരോഗ്യ മേഖലയിലെ പതാകാവാഹകരാണ്. അവയെ പ്രോല്‍സാഹിപ്പിക്കണം. അവയുടെ പ്രൗഢി വീണ്ടെടുക്കണം – ശശി തരൂര്‍ കുറിച്ചു.