Headlines

സംസ്ഥാന പൊലീസ് മേധാവിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രം​ഗം; പരാതിയുമായി മുൻ പൊലീസ് ഉദ്യോ​ഗസ്ഥൻ

സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ വാർത്താസമ്മേളനത്തിനിടെ നാടകീയ രം​ഗം. വാർത്താ സമ്മേളനം നടക്കുന്ന ഹാളിൽ പരാതിയുമായി സർവീസിൽ ഉണ്ടായിരുന്ന മുൻ പോലീസുകാരൻ എത്തി. സർവീസിലിരിക്കുമ്പോൾ തുടങ്ങിയ കേസുമായി ബന്ധപ്പെട്ട പരാതിയാണ് അദേഹം വാർത്താസമ്മേളനത്തിനിടെ ഉയർത്തിയത്. പരാതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

അദേഹത്തെ കോൺഫറൻസ് റൂമിലേക്ക് മാറ്റി. സംസ്ഥാന പൊലീസ് മേധാവിയുമായി സംസാരിക്കാൻ അവസരമുണ്ടാക്കുമെന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന് അറിയിച്ചു. വിഷയത്തിൽ ഗൗരവമുള്ള ശ്രദ്ധ നൽകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു. ഡിജിപിയായി ചുമതലയേറ്റെടുത്ത ശേഷം റവാഡ ചന്ദ്രശേഖർ നടത്തി വാർത്താ സമ്മേളനത്തിനിടെയാണ് പരാതിയുമായി മുൻ പൊലീസ് ഉദ്യോ​ഗസ്ഥൻ രം​ഗത്തെത്തിയത്.രാവിലെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് എത്തിയാണ് റവാഡ ചന്ദ്രശേഖർ ചുമതലയേറ്റത്. ഇന്ന് പുലർച്ചെ ഡൽഹിയിൽ നിന്ന് അദ്ദേഹം തിരുവനന്തപുരത്ത് എത്തുകയായിരുന്നു. കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത യോഗത്തിൽ റവാഡ ചന്ദ്രശേഖർ പങ്കെടുക്കും.