കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് പുനരധിവാസ പാക്കേജ് കൈമാറി; വീടും നിർമിച്ചുനൽകും

 

വയനാട്ടിൽ കഴിഞ്ഞ വർഷം കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് പുനരധിവാസത്തിന്റെ ഭാഗമായി 3.94 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചടങ്ങ് നടന്നത്. പുനരധിവാസ പദ്ധതിയുടെ ഭാഗമായി ലൈഫ് പദ്ധതിയിൽപ്പെടുത്തി എറണാകുളം ജില്ലയിൽ സ്വന്തമായി വീട് നിർമിച്ചു നൽകുന്നതുവരെ താമസിക്കാനായി വാടകക്ക് എടുത്ത വീടിന്റെ താക്കോലും മുഖ്യമന്ത്രി കൈമാറി

സായുധ സമരം ഉപേക്ഷിച്ച് കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിനെ പുനരധിവസിപ്പിക്കാനുള്ള ആവശ്യങ്ങൾ ചെയ്തുനൽകണമെന്ന് വയനാട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിലുള്ള ജില്ലാതല പുനരധിവാസ സമിതി ശുപാർശ ചെയ്തിരുന്നു. ഇതനുസരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി സർക്കാരിനോട് അഭ്യർഥിച്ചതിനെ തുടർന്നാണ് നടപടി

വയനാട് പുൽപ്പള്ളിയിൽ ജനിച്ച ലിജേഷ് അഞ്ച് വയസ്സുള്ളപ്പോൾ കുടുംബത്തോടൊപ്പം വീരാജ്‌പേട്ടയിലേക്ക് കുടിയേറുകയായിരുന്നു. നാലാം ക്ലാസ് വരെ പഠിച്ച ഇയാൾ പിന്നീട് മാവോയിസ്റ്റ് സംഘടനകളിൽ അംഗമായി. കഴിഞ്ഞ ഒക്ടോബർ 25നാണ് വയനാട് പോലീസിന് മുന്നിൽ ഇയാൾ കീഴടങ്ങിയത്.