Headlines

കുട്ടികളിലെ സോഷ്യൽ മീഡിയ നിരോധനം ഇന്ത്യയിലേക്കും?നിർണായക നീക്കവുമായി കേന്ദ്രസർക്കാർ

ഓസ്ട്രേലിയയ്ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ. ഇതിനായി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുമായി ചർച്ച നടക്കുന്നതായി ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്‌ട് ഉച്ചകോടിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഡീപ്ഫേക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കുട്ടികളെ സംരക്ഷിക്കുന്നതിനായി നിയന്ത്രണം ആവശ്യമാണ്. കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചനകൾ ആരംഭിച്ചതായും അശ്വിനി വൈഷ്‌ണവ് കൂട്ടിച്ചേർത്തു. നിയമം നിലവിൽ വന്നാൽ നെറ്റ്ഫ്ലിക്‌സ്, യൂട്യൂബ്, മെറ്റ, എക്‌സ് ഉൾപ്പെടെയുള്ള എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾക്കും നിയമം ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ സോഷ്യൽ മീഡിയ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് കുട്ടികളെ വിലക്കുന്ന ഒരു നിയമവും ഇന്ത്യയിൽ ഇല്ല,എന്നാൽ ദിനംപ്രതി ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട്. നിലവിലുള്ളതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ ഏത് തരത്തിലുള്ള സുരക്ഷയാണ് ഒരുക്കേണ്ടതെന്നുള്ള ചർച്ചകളും നടക്കുന്നുണ്ട്. പാർലമെന്‍ററി കമ്മിറ്റിയും വിഷയത്തെ സംബന്ധിച്ച് പഠനങ്ങൾ നടത്തുന്നതായി മന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അറിയിച്ചു.ലോകത്ത് ആദ്യമായി കുട്ടികളിൽ സമൂഹമാധ്യമ വിലക്ക് ഏർപ്പെടുത്തിയ ഓസ്‌ട്രേലിയയുടെ തീരുമാനം രാജ്യത്തും എത്തിക്കാനാണ് ഭരണകൂടത്തിന്റെ നിലവിലെ തീരുമാനം. ബ്രിട്ടൻ, ഡെൻമാർക്ക്, സ്പെയിൻ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും ഓസ്‌ട്രേലിയയുടെ സോഷ്യൽ മീഡിയ നിരോധനത്തെ പിന്തുടരാൻ ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.