12 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ; കേന്ദ്രം മാർഗനിർദേശം പുറത്തിറക്കി

 

12 വയസ്സിന് മുകളിലുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷൻ സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം മാർഗനിർദേശം പുറത്തിറക്കി. 2010 മാർച്ച് 15നോ അതിന് മുമ്പോ ജനിച്ചവർക്കാണ് ഈ ഘട്ടത്തിൽ വാക്‌സിൻ നൽകുക. കോർബോവാക്‌സ് മാത്രമാണ് ഈ പ്രായമുള്ളവർക്ക് നൽകുക. കൊവിൻ പോർട്ടലിൽ സ്വന്തമായി അക്കൗണ്ട് തുടങ്ങിയോ ബന്ധുക്കളുടെ അക്കൗണ്ട് വഴിയോ രജിസ്റ്റർ ചെയ്യാം

ബുധനാഴ്ച മുതലാണ് 12 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുന്നത്. സ്‌കൂളുകൾ പഴയ പ്രവർത്തന രീതിയിലേക്ക് എത്തിയതോടെ കൂടുതൽ കുട്ടികൾക്ക് വാക്‌സിൻ നൽകാനാണ് കേന്ദ്രത്തിന്റെ തീരുമാനം. മൂന്ന് വാക്‌സിനുകൾക്കാണ് 12 വയസ്സിന് മുകളിൽ കുത്തിവെക്കാൻ അനുമതിയുള്ളത്. സൈക്കോവ് ഡി, കൊവാക്‌സിൻ എന്നിവയാണ് മറ്റ് രണ്ടെണ്ണം

ജനുവരി 3ന് രാജ്യത്ത് 15 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ ആരംഭിച്ചിരുന്നു. ഈ വിഭാഗത്തിലെ അർഹരായ മുഴുവൻ പേരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. പകുതി പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.