ഇനിയിപ്പോ എന്തുചെയ്യും: കൃണാലും ദീപക് ഹൂഡയും ലക്‌നൗവിൽ, അശ്വിനും ബട്‌ലറും രാജസ്ഥാനിൽ

 

ഐപിഎൽ താരലേലം പുരോഗമിക്കുന്നതിനിടെ ചില കൗതുകകരമായ വിശേഷങ്ങളും ഉണ്ടാകുകയാണ്. മിത്രങ്ങളെല്ലാം വെവ്വേറെ ടീമുകളിലായി ചിതറിയപ്പോൾ ചില ശത്രുക്കളാകട്ടെ ഒരു ടീമിലുമെത്തി. ഇതിലേറ്റവും ശ്രദ്ധേയം ലക്‌നൗ സൂപ്പർ ജയന്റ്‌സിലെ താരങ്ങളുടെ കാര്യമാണ് കൃണാൽ പാണ്ഡ്യയും ദീപക് ഹൂഡയും

ഇരുവരും തമ്മിലുള്ള പോര് പണ്ടേ പ്രസിദ്ധമാണ്. 2020ൽ ആഭ്യന്തര ക്രിക്കറ്റിൽ ബറോഡക്ക് വേണ്ടി ഒന്നിച്ച് കളിച്ചപ്പോൾ മുതലാണ് ഇരുവരും തമ്മിലുള്ള പോര് തുടങ്ങിയത്. പോര് ശക്തമായതോടെ ദീപക് ഹൂഡയെ ടീമിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെ ഹൂഡ രാജസ്ഥാൻ ടീമിലേക്ക് എത്തി.

എന്നാൽ ഐപിഎൽ പതിനഞ്ചാം സീസണിൽ ഇരുവരും ഒരു ടീമിൽ എത്തിയിരിക്കുകയാണ്. പോര് തുടരുമോ അതോ ടീമിനായി ഇരുവരും ഒന്നിക്കുമോയെന്ന ചർച്ചയാണ് ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്നത്.

അതുപോലെ തന്നെ കുപ്രസിദ്ധിയാർജിച്ച ഒരു സംഭവമാണ് അശ്വിന്റെ മങ്കാദിംഗ്. 2019 ഐപിഎൽ സീസണിലായിരുന്നു ഈ സംഭവം. പഞ്ചാബിന്റെ നായകനായിരുന്ന അശ്വിൻ ബട്‌ലറെ മാങ്കാദിംഗ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തു. 2022 സീസണിൽ ഇരുവരും രാജസ്ഥാന് വേണ്ടിയാണ് ഇറങ്ങുന്നത്. ഇത്തവണ അശ്വിൻ എങ്ങനെ മങ്കാദിംഗ് നടത്തുമെന്നാണ് ആരാധകർ ചോദിക്കുന്നത്.