ധോണിയെ നിലനിർത്തി ചെന്നൈ; കെ എൽ രാഹുൽ ലക്‌നൗ ടീമിന്റെ നായകനായേക്കും

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് മഹേന്ദ്രസിംഗ് ധോണിയെ നിലനിർത്തുമെന്ന് റിപ്പോർട്ട്. മൂന്ന് വർഷത്തേക്ക് കൂടിയാണ് കരാർ. രവീന്ദ്ര ജഡേജ, റിതുരാജ് ഗെയ്ക്ക് വാദ് എന്നിവരും ടീമിൽ തുടരും. മൊയിൻ അലി, സാം കറൻ എന്നിവരിൽ ഒരാൾ ടീമിൽ വിദേശതാരമായി തുടരും

2022 ഐപിഎല്ലിൽ പത്ത് ടീമുകളുണ്ട്. പുതുതായി രണ്ട് ടീമുകൾ കൂടിയാണ് ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് എത്തുന്നത്. ഇതിൽ ലക്‌നൗ ടീമിന്റെ നായകനായി കെ എൽ രാഹുൽ വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ പഞ്ചാബ് ടീമിന്റെ നായകനായിരുന്നു രാഹുൽ.

അതേസമയം അഹമ്മദാബാദ് ടീമിന്റെ നായക സ്ഥാനത്തേക്ക് ശ്രേയസ്സ് അയ്യരെ പരിഗണിക്കുന്നുണ്ട്. മുംബൈ ഇന്ത്യൻസ് രോഹിത് ശർമയെയും ബുമ്രയെയും നിലനിർത്തും. ഇഷാൻ കിഷനും സൂര്യകുമാർ യാദവിനും സാധ്യതയുണ്ട്. വിദേശതാരങ്ങളിൽ പൊള്ളാർഡിനെയാകും ടീം നിലനിർത്തുക

ഡൽഹിയെ റിഷഭ് പന്ത് തന്നെ നയിച്ചേക്കും. പൃഥ്വി ഷാ, അക്‌സർ പട്ടേൽ എന്നിവരും ഡൽഹിയിൽ തുടരും. കൊൽക്കത്തയിൽ സുനിൽ നരൈനെയും ആന്ദ്ര റസല്ലിനെയും നിലനിർത്തും. വെങ്കിടേഷ് അയ്യരും ടീമിലുണ്ടാകും.