Headlines

‘സമഗ്രമായ അന്വേഷണം ഉറപ്പാക്കി; അന്വേഷണസംഘത്തെ ദേവസ്വം ബോർഡിന് പൂർണ വിശ്വാസം’; പി എസ് പ്രശാന്ത്

ശബരിമല സ്വർണ്ണ കൊള്ള വിവാദത്തിൽ സർക്കാരും ദേവസ്വം ബോർഡ് സമഗ്രമായ അന്വേഷണം ഉറപ്പാക്കിയെന്ന് ദേവസ്വം ബോർ‌ഡ‍് പ്രസിഡന്റ് പിഎസ് പ്രശാന്ത്. കുറ്റക്കാർക്ക് കർശന നടപടി വേണമെന്ന നിലപാടാണ് ബോർഡും. കോടതി നിയോഗിച്ചത് ഏറ്റവും നല്ല അന്വേഷണ സംഘത്തെ. അന്വേഷണസംഘത്തെ ബോർഡിന് പൂർണ വിശ്വാസമാണെന്ന് പിഎസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

നഷ്ടപ്പെട്ട സ്വത്ത് കണ്ടെത്താനും കുറ്റക്കാരെ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിയും. എന്നാൽ ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടികൾ നടക്കുന്നു. ജീവനക്കാരെ ആക്രമിക്കാൻ ശ്രമിക്കുന്നു. ഇത്തരം സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു. ക്ഷേത്രം നടത്തിപ്പുകളിൽ ദേവസ്വം ബോർഡിന്റെ പങ്ക് ചെറുതല്ല. ആറാഴ്ച ക്ഷമിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് പി എസ് പ്രശാന്ത് വീണ്ടും ആവശ്യപ്പെട്ടു.

കോടതി നിയോഗിച്ച അന്വേഷണസംഘത്തെ വിശ്വാസമില്ലെങ്കിൽ അത് തുറന്നു പറയാൻ പ്രതിപക്ഷം തയ്യാറാകണമെന്ന് അദേഹം പറഞ്ഞു. കോടതിയുടെ നിരീക്ഷണത്തിൽ നടത്തുന്ന അന്വേഷണത്തോട് സഹകരിക്കാൻ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ തയാറാകണം. പ്രതിപക്ഷം മഹാമനസ്കത കാണിക്കണമെന്നും ആറാഴ്ചത്തെ സമയം നൽകണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു.

1998 മുതൽ 2025 വരെയുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് ബോർഡിന്റെ നിലപാട്. യുഡിഎഫ് കാലത്തെ അന്വേഷണം വേണമെന്നും മറ്റുള്ളവരൊക്കെ ശുദ്ധരും ഞങ്ങൾ കൊള്ളക്കാരും എന്ന നിലപാട് ശരിയല്ലെന്നും അദേഹം പറഞ്ഞു. എൽഡിഎഫ് കാലത്തെ കാര്യങ്ങൾ മാത്രം അന്വേഷിച്ചാൽ മതി എന്ന് പറയുന്നത് ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു.