കല്ലിൽ കാല് തട്ടിയാണ് അപകടം പറ്റിയതെന്ന് ബാബു; ആരോഗ്യം വീണ്ടെടുത്തു

 

മലമ്പുഴ ചെറാട് കുറുമ്പാച്ചി മലയിടുക്കിൽ 45 മണിക്കൂറോളം കുടുങ്ങിയതിന് ശേഷം സൈന്യം രക്ഷപ്പെടുത്തിയ ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാബു ആരോഗ്യം വീണ്ടെടുത്തതായും ഇപ്പോൾ സന്തോഷവാനാണെന്നും ഉമ്മ റഷീദ പറഞ്ഞു.

മലയുടെ മുകളിലേക്ക് കയറവെ കല്ലിൽ കാല് തട്ടിയാണ് താഴേക്ക് വീണതെന്ന് ബാബു പറഞ്ഞു. കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ പിടിച്ചുനിന്നു. പാതിവഴിക്ക് കൂട്ടുകാർ മലകയറ്റം നിർത്തിയെങ്കിലും താൻ ഒറ്റയ്ക്ക് മല കയറുകയായിരുന്നുവെന്നാണ് ബാബു പറഞ്ഞത്

തിങ്കളാഴ്ച ഉച്ചയ്ക്ക് മലയിൽ കുടുങ്ങിയ ബാബുവിനെ ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് രക്ഷപ്പെടുത്തുന്നത്. ഇതിനിടെ രണ്ട് രാത്രിയും രണ്ട് പകലും കടന്നുപോയി. വെള്ളവും ഭക്ഷണമോ ഉറക്കമോ പോലുമില്ലാതെയാണ് മലയിടുക്കിൽ ബാബു പിടിച്ചിരുന്നത്. ഒടുവിൽ സേന റോപ് റസ്‌ക്യൂ നടത്തി ബാബുവിനെ മലമുകളിൽ എത്തിക്കുകയും ഇവിടെ നിന്ന് ഹെലികോപ്റ്റർ എയർ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.