സൈന്യത്തിന് ജയ് വിളിച്ചും സൈനികർക്ക് സ്‌നേഹ ചുംബനം നൽകിയും ബാബു

 

മലമ്പുഴ കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷപ്പെടുത്തിയത് 46 മണിക്കൂറുകൾക്ക് ശേഷം. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ ബാബുവിനെ മലയിടുക്കിൽ നിന്ന് റോപ് വഴി ഉയർത്തി മലമുകളിൽ എത്തിച്ചതോടെ മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമായി. മുകളിലെത്തിയ ബാബു സൈന്യത്തിന് ജയ് വിളിച്ചും സൈനികർക്ക് സ്‌നേഹ ചുംബനം നൽകിയും നന്ദി പ്രകടിപ്പിച്ചു

കാലിനേറ്റ പരുക്കിന്റെ വേദന കടിച്ചമർത്തി വെള്ളമോ ഭക്ഷണമോ ഇല്ലാതെ 46 മണിക്കൂറുകൾ നേരമാണ് ബാബു മലയിടുക്കിൽ ഒതുങ്ങിപ്പിടിച്ചിരുന്നത്. ഇതിനിടയിൽ രണ്ട് രാത്രിയും കടന്നുപോയി. വിശപ്പും ക്ഷീണവും ശരീരത്തെ തളർത്തിയെങ്കിലും ഉറങ്ങാതെ പിടിച്ചുനിൽക്കാനുള്ള ബാബുവിന്റെ മനധൈര്യമാണ് രക്ഷാപ്രവർത്തനം വിജയകരമാക്കി തീർത്തത്

ഇന്ന് രാവിലെയോടെ മലമുകളിലെത്തിയ സൈന്യം ബാബുവുമായി സംസാരിച്ചിരുന്നു. പിന്നീട് ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ചുനൽകി. തുടർന്നാണ് കയറിൽ ബന്ധിപ്പിച്ച് ബാബുവിനെ മുകളിലേക്ക് ഉയർത്തിയത്. മലമുകളിൽ എത്തിയതിന് പിന്നാലെ ബാബു സേനാംഗങ്ങളോട് സംസാരിച്ചു. തളർച്ചയുണ്ടെങ്കിലും ആത്മവിശ്വാസത്തോടെ തന്നെയാണ് ബാബു രക്ഷാപ്രവർത്തനവുമായി സഹകരിച്ചതെന്ന് സൈനികരും പറയുന്നു.