സൈന്യത്തിന് ബിഗ് സല്യൂട്ട്: സുരക്ഷിത കൈകളിൽ ബാബു തിരികെ ജീവിതത്തിലേക്ക് ​​​​​​​

 

മരണത്തിനും ജീവിതത്തിനുമിടയിൽ 45 മണിക്കൂർ നേരം. ചെങ്കുത്തായ മലയിടുക്കിൽ രണ്ട് രാത്രിയുൾപ്പെടെ കുടുങ്ങിക്കിടന്ന ബാബു എന്ന 23കാരൻ യുവാവ് ഒടുവിൽ തിരികെ ജീവിതത്തിലേക്ക്. ബാബുവിനെ ഒരിക്കലും അപകടത്തിലേക്ക് വിട്ടുകൊടുക്കില്ലെന്ന ആർമിയുടെ നിശ്ചയദാർഢ്യം വിജയം കാണുകയായിരുന്നു. സേനയുടെ റോപ് റസ്‌ക്യൂ വഴി ബാബു ഒടുവിൽ മല മുകളിൽ എത്തുകയായിരുന്നു

ബാല എന്ന സൈനികനാണ് ബാബുവിനെ തന്റെ ശരീരത്തോട് ചേർത്ത് സുരക്ഷാ റോപ് ഉപയോഗിച്ച് മലമുകളിലെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. ബാബുവിന്റെ കാലിൽ നിസാര പരുക്കുകളുണ്ട്. ഇനി മലയുടെ താഴേക്ക് ബാബുവിനെ എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. മലയടിവാരത്ത് ബാബുവിന്റെ മാതാവും ബന്ധുക്കളും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകളാണ് യുവാവ് തിരികെ വരുന്നതും കാത്തിരിക്കുന്നത്. ഡോക്ടർമാരും ആംബുലൻസും അടക്കം എല്ലാ സജ്ജീകരണങ്ങളും താഴെ ഒരുക്കിയിട്ടുണ്ട്

സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ചെങ്കുത്തായ മലനിരകളിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമകരമായ ദൗത്യത്തിന് സൈന്യവും പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഫയർ ഫോഴ്‌സും ഒന്നിക്കുകായിരുന്നു. ആയിരമടി ഉയരമുള്ള മലയുടെ 600 അടി ഉയരത്തിലുള്ള പൊത്തിലാണ് ബാബു കുടുങ്ങിക്കിടന്നത്. രക്ഷാപ്രവർത്തനത്തിനിടെ ബാബു പ്രകടിപ്പിച്ച ഇച്ഛാശക്തിയും മനഃധൈര്യവും സമാനതകളില്ലാത്തതായിരുന്നു. വെള്ളമോ ഭക്ഷണമോ ഉറങ്ങാൻ പോലുമാകാതെയാണ് രണ്ട് ദിവസമായി യുവാവ് ഇവിടെ നിലയുറപ്പിച്ചത്‌