ബാബുവിനെ ഇന്ന് തന്നെ രക്ഷിക്കുമെന്ന് കരസേന; വെള്ളം ചോദിച്ച് യുവാവ്

 

പാലക്കാട് മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താനായുള്ള ദൗത്യം സൈന്യം ഏറ്റെടുത്തു. ബാബുവിന് സമീപത്ത് സൈന്യം എത്തിയതായാണ് വിവരം. സൈനിക സംഘം ബാബുവുമായി സംസാരിച്ചു. ബാബുവിന് വെള്ളം എത്തിക്കാനുള്ള നീക്കമാണ് ആദ്യം നടത്തുന്നത്. രാത്രി മുഴുവൻ സൈന്യം രക്ഷാപ്രവർത്തനത്തിലായിരുന്നു

ഒരു ടീം മലയുടെ മുകളിൽ നിന്നും മറ്റൊരു ടീം മലയുടെ താഴെ നിന്നുമാണ് ബാബുവിന്റെ അടുത്ത് എത്താൻ ശ്രമിക്കുന്നത്. ഇന്ന് പകൽ തന്നെ ബാബുവിനെ രക്ഷപ്പെടുത്താൻ സാധിക്കുമെന്ന് കരസേന മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നൽകി. രണ്ട് പകലലിലെ കനത്ത ചൂടും രണ്ട് രാത്രിയിലെ തണുപ്പും സഹിച്ച് വെള്ളമോ ഭക്ഷണമോ ഇല്ലാതെയാണ് യുവാവ് മലയിടുക്കിൽ കുടുങ്ങിക്കിടക്കുന്നത്.

ഞങ്ങളെത്തിയെന്നും ഭയപ്പെടേണ്ടെന്നും സൈനികർ ബാബുവിനോട് പറഞ്ഞു. സംസാരിച്ച് ഊർജം കളയേണ്ടെന്നും കരസേനാംഗങ്ങൾ ബാബുവിനോട് പറഞ്ഞു. ബാബുവും ഇവരോട് പ്രതികരിച്ചു. വെള്ളം ആണ് ബാബു ആവശ്യപ്പെടുന്നത്. നിലവിൽ ബാബുവിന്റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് പാലക്കാട് ജില്ലാ കലക്ടർ പറയുന്നു. പ്രദേശത്ത് വെളിച്ചമെത്തിയാൽ ഭക്ഷണവും വെള്ളവും എത്തിക്കാനാണ് രക്ഷാദൗത്യം ആദ്യം ചെയ്യുക

നാട്ടുകാരുടെ നിർലോഭമായ സഹായവും സൈന്യത്തിന് ലഭിക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ രാത്രി 11.50ഓടെയാണ് ബംഗളൂരുവിൽ നിന്നുള്ള പ്രത്യേക സൈനിക സംഘം മലമ്പുഴയിൽ എത്തിയത്. 11 അംഗ സംഘത്തിൽ രണ്ട് പേർ എവറസ്റ്റ് കയറിയിട്ടുള്ളവരാണ്.