Headlines

‘ നികുതി കുറച്ചതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുമോയെന്നതില്‍ ആശങ്ക; സംസ്ഥാനങ്ങളുടെ നഷ്ടം എങ്ങനെ പരിഹരിക്കുമെന്നതില്‍ വ്യക്തതയില്ല’; കെ എന്‍ ബാലഗോപാല്‍

ജിഎസ്ടി കുറച്ചതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുമോയെന്നതില്‍ ആശങ്കയുണ്ടെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ . സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന നഷ്ടം വലുതാണെന്നും ഇത് എങ്ങനെ പരിഹരിക്കുമെന്നതില്‍ വ്യക്തയില്ലെന്നും മന്ത്രി പറഞ്ഞു.

ഒരു സംസ്ഥാനവും നികുതി കുറയ്ക്കുന്നതിന് എതിരായി അഭിപ്രായം പറഞ്ഞിട്ടില്ല. കാരണം നികുതി കുറയുന്നത് ജനങ്ങള്‍ക്ക് ഗുണമാണ്. പക്ഷേ, നേരത്തെ നികുതി കുറയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് കിട്ടിയിട്ടില്ല. നികുതി കുറയ്ക്കുന്നതിന്റെ ഭാഗമായി വില കുറയേണ്ടതാണ്. ആദ്യം വില കുറയും. പിന്നീട് അവര്‍ വില കൂട്ടും. വില കൂട്ടുമെന്ന് ചില കമ്പനികള്‍ ഇപ്പോള്‍ തന്നെ പറഞ്ഞിട്ടുണ്ട്. നികുതി കുറയ്ക്കുന്നതിന്റെ ഗുണം സാധാരക്കാര്‍ക്ക് കിട്ടണം – അദ്ദേഹം പറഞ്ഞു

ഇതിന്റെ ഭാഗമായി വലിയ തോതില്‍ സംസ്ഥാനങ്ങളുടെ വരുമാനം കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ മാത്രം 8000 മുതല്‍ 10000 കോടി വരെ ഒരു വര്‍ഷം വരെ കുറയും. ഇങ്ങനെ കുറഞ്ഞാല്‍ സാധാരണക്കാര്‍ക്ക് കിട്ടുന്ന ചികിത്സാ സൗകര്യങ്ങള്‍ ചികിത്സ, ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള പണം കുറഞ്ഞാല്‍ എങ്ങനെ കൈകാര്യം ചെയ്യാന്‍ പറ്റും. അതിലുള്ള നഷ്ടം കേന്ദ്ര ഗവണ്‍മെന്റ് മുന്‍കൈ എടുത്ത് പരിഹരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. അതില്‍ തീരുമാനം വന്നിട്ടില്ല. സംസ്ഥാനങ്ങളോട് എല്ലാം ആലോചിച്ചിട്ടാണ് ഇത് ചെയ്തത് എന്ന ഒരു പ്രസ്താവന കണ്ടിരുന്നു. അതിശക്തമായ വ്യത്യസ്ത അഭിപ്രായം ഇക്കാര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. വേണ്ടത്ര പഠനം നടത്താതെയാണിത് ചെയ്യുന്നത്. ഇതിന്റെ ഗുണം ജനങ്ങള്‍ക്ക് കിട്ടുക എന്നത് വളരെ പ്രധാനമാണ്. സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനത്തിന് തടസം വരാത്ത തരത്തില്‍ ചെയ്യണം – അദ്ദേഹം പറഞ്ഞു.

നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്ന ജിഎസ്ടി ഇളവുകള്‍ ജനങ്ങള്‍ക്കുള്ള നവരാത്രി സമ്മാനമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ജിഎസ്ടി പരിഷ്‌കരണം പ്രബല്യത്തിലാകുന്നതോടെ അവശ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വില കുറയും.