പാലോട് മങ്കയം പമ്പ് ഹൗസിന് സമീപത്ത് കുരങ്ങന്മാരെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. 13 കുരങ്ങന്മാരെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. പ്രദേശത്തുനിന്ന് അവശനിലയിലും നിരവധി കുരങ്ങന്മാരെ കണ്ടു. പ്രദേശവാസികള്‍ വനം വകുപ്പിനെ വിവരം അറിയിച്ചതനുസരിച്ച് ആര്.ആര്.ടി സംഘം എത്തി ചത്ത കുരങ്ങന്മാരെ പെരിങ്ങമ്മല ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസങ്ങളില്‍ ഓരോ വാനരന്‍മാരെയായി ഇത്തരത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ നാട്ടുകാര്‍ കാര്യമാക്കിയിരുന്നില്ല. ഇന്നാണ് കൂട്ടത്തോടെ ചത്തനിലയില്‍ വാനരന്മാരെ കണ്ടെത്തിയത്. പ്രദേശത്തെ ആറ്റിലും മരത്തിലുമായാണ് ഇവയെ കണ്ടെത്തിയത്.
പാലോട് അനിമല്‍ ഡിസീസില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമേ കാരണം എന്തെന്ന് വ്യക്തമാകൂ. കുരങ്ങ് ശല്യത്തിന് ആരെങ്കിലും വിഷം വെച്ചതാണോ എന്ന് സംശയമുണ്ട്. കുരങ്ങന്മാരില് എന്തെങ്കിലും അസുഖം പടര്‍ന്നു പിടിച്ചതാണോ എന്നും പരിശോധിക്കും.