ബാബുവിന്റെ ആരോഗ്യനില വഷളായി; അതിവേഗം ആശുപത്രിയിലേക്ക്

ചെറാട് മലയിൽ നിന്നും എയർ ലിഫ്റ്റ് ചെയ്ത ബാബുവിനെ ഹെലികോപ്റ്ററിൽ കഞ്ചിക്കോട് എത്തിച്ച ശേഷം റോഡ് മാർഗം ആശുപത്രിയിലേക്ക് മാറ്റി. സുലൂരിലെ വ്യോമസേന ക്യാമ്പിൽ നിന്നുള്ള പ്രത്യേക ഹെലികോപ്റ്ററാണ് മലമുകളിൽ നിന്നും ബാബുവിനെ എയർ ലിഫ്റ്റ് ചെയ്തത്. മിനിറ്റുകൾക്കുള്ളിൽ തന്നെ ഹെലികോപ്റ്റർ കഞ്ചിക്കോട് എത്തി.

ഇവിടെ നിന്ന് ബാബുവിനെ ആംബുലൻസിലേക്ക് മാറ്റി. തീർത്തും അവശയായ നിലയിലാണ് ബാബുവിനെ ആംബുലൻസിലേക്ക് എത്തിച്ചത്. ആംബുലൻസിൽ വെച്ച് ഡോക്ടർമാർ പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് അതിവേഗം ആംബുലൻസ് ആശുപത്രിയിലേക്ക് പുറപ്പെട്ടു. കഞ്ചിക്കോട് ജില്ലാ ആശുപത്രിയിലേക്കാണ് ബാബുവിനെ മാറ്റുന്നത്.

മലമുകളിലേക്ക് രക്ഷപ്പെടുത്തി എത്തിച്ചപ്പോഴും ക്ഷീണിതനാണെങ്കിലും ബാബു കൃത്യമായി സംസാരിക്കുകയും സൈനികരോട് സന്തോഷം പങ്കിടുകയുമൊക്കെ ചെയ്തിരുന്നു. എന്നാൽ വെള്ളം കുടിച്ചതിന് പിന്നാലെ അദ്ദേഹം രക്തം ഛർദിക്കുകയായിരുന്നു. ഇതോടെയാണ് രക്ഷാപ്രവർത്തകർ അടിയന്തരമായി ഹെലികോപ്റ്റർ ആവശ്യപ്പെട്ടതും എയർലിഫ്റ്റ് ചെയ്തതും.