വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മുൻ ശ്രീലങ്കൻ താരം കുമാർ സങ്കക്കാര സ്വയം ഐസൊലേഷനിൽ. സങ്കക്കാര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇംഗ്ലണ്ടിൽ നിന്ന് മടങ്ങിയെത്തിയ താൻ സർക്കാർ നിർദ്ദേശം അനുസരിച്ച് സ്വയം ഐസൊലേഷനിൽ പ്രവേശിക്കുകയായിരുന്നു എന്ന് താരം അറിയിച്ചു. ഒരു ടിവി ചാനലിനു നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് സങ്കക്കാര ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
ഇംഗ്ലണ്ടിലെ മാർലിബോൺ ക്രിക്കറ്റ് ക്ലബ് പ്രസിഡന്റായ അദ്ദേഹം തിരികെ എത്തിയപ്പോൾ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഇതേ തുടർന്ന് ആരോഗ്യ പ്രവർത്തകർ അദ്ദേഹത്തെ പരിശോധിക്കുകയും സ്വയം ഐസൊലേഷനിൽ കഴിയാൻ നിർദ്ദേശിക്കുകയുമായിരുന്നു. സങ്കക്കാര രോഗലക്ഷണങ്ങൾ കാണിച്ചിട്ടില്ല. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രണ്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങൾ കൂടി ഐസൊലേഷനിലായിട്ടുണ്ട്.
നേരത്തെ കൊവിഡ് 19 സംശയത്തിന്റെ പേരിൽ സ്വയം ഐസൊലേഷനിലേക്ക് മാറിയ ഓപ്പണർ അലക്സ് ഹെയിൽസിനൊപ്പം പാർട്ടിയിൽ പങ്കെടുത്ത രണ്ട് താരങ്ങളാണ് സ്വയം ഐസൊലേഷനിലേക്ക് മാറിയത്. മൂവർക്കും ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. ഓൾറൗണ്ടർ ടോം കറൻ, പേസ് ബൗളർ ജേഡ് ഡേൺബാക്ക് എന്നിവരാണ് ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം സ്വയം ഐസൊലേഷനിലേക്ക് മാറിയത്. അലക്സ് ഹെയിൽസിന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുത്ത ഇരുവരും രോഗലക്ഷണങ്ങൾ കാണിച്ചിരുന്നു.
രണ്ടാഴ്ച ഐസൊലേഷനിൽ കഴിയണമെന്നാണ് ഇരുവരോടും ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. പിഎസ്എലിനു ശേഷം നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങളൊക്കെ സ്വയം ഐസൊലേഷനിലാണ്. ലീഗ് നിർത്താൻ വൈകിയ പിസിബിക്കെതിരെ മുൻ താരം ഷൊഐബ് അക്തർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സെമിഫൈനലുകളും ഫൈനലും ബാക്കി നിൽക്കെയാണ് അടിയന്തിരമായി പാകിസ്താൻ പ്രീമിയർ ലീഗ് നിർത്തിവച്ചത്.