പുതിയ പാർലമെന്റ് മന്ദിരത്തിന് 282 കോടി രൂപ അധിക ചെലവ് വരുമെന്ന് റിപ്പോർട്ട്

 

സെൻട്രൽ വിസ്ത പദ്ധതിയിലെ പുതിയ പാർലമെന്റ് മന്ദിരത്തിന് 282 കോടി രൂപ അധിക ചെലവ് വരുമെന്ന് റിപ്പോർട്ട്. 977 കോടി രൂപയാണ് നേരത്തെ ബജറ്റ് കണക്കാക്കിയിരുന്നത്. ഇതിൽ 29 ശതമാനം വർധനവ് കൂടി വരുമെന്നാണ് കേന്ദ്രസർക്കാരിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ  ആകെ ചെലവ് 1250 കോടി രൂപ കടക്കും

2020 ഡിസംബറിലാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നടന്നത്. നിലവിൽ 40 ശതമാനം നിർമാണം ടാറ്റ പ്രൊജക്ട്‌സ് പൂർത്തിയാക്കിയിട്ടുണ്ട്. 13 ഏക്കറിലായി സ്ഥിതി ചെയ്യുന്ന സെൻട്രൽ വിസ്ത ഈ വർഷം ആഗസ്റ്റ് 15ന് മുമ്പ് പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാൽ പിന്നീട് ഒക്ടോബറിലേക്ക് നീട്ടി

ലോക്‌സഭാ ചേംബറിൽ 888 അംഗങ്ങൾക്ക് ഇരിക്കാനാകും. സംയുക്ത സമ്മേളനം ചേരുമ്പോൾ 1224 അംഗങ്ങളെയും ഉൾക്കൊള്ളാൻ സാധിക്കും. രാജ്യസഭാ ചേംബറിൽ 384 അംഗങ്ങൾക്ക് വരെ ഇരിക്കാം. ഭാവിയിൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനുമാകും.

ഓരോ എംപിക്കും പ്രത്യേകം ഓഫീസുകൾ, എംപി ലോഞ്ച്, ലൈബ്രറി, കമ്മിറ്റി റൂമുകൾ, ഡൈനിംഗ് ഏരിയ കൂടാതെ പ്രധാനമന്ത്രിയുടെ ഓഫീസും വസതിയുമൊക്കെ ഉൾപ്പെടുന്നതാണ് സെൻട്രൽ വിസ്ത പദ്ധതി. പദ്ധതിയുടെ ആകെ ചെലവ് ഇരുപതിനായിരം കോടി രൂപയാണ്.