പ്രഭാത വാർത്തകൾ

 

🔳രാജ്യത്ത് കോവിഡ് വകഭേദമായ ഒമിക്രോണ്‍ വൈറസ് വ്യാപനം വര്‍ധിക്കുന്നു. തിങ്കളാഴ്ചമാത്രം 156 പേര്‍ക്കുകൂടി സ്ഥിരീകരിച്ചതോടെ 19 സംസ്ഥാനങ്ങളിലായി ആകെ ഒമിക്രോണ്‍ ബാധിതര്‍ 578-ലെത്തി. 151 പേര്‍ രോഗമുക്തിനേടി. ഡല്‍ഹി (142), മഹാരാഷ്ട്ര (141), കേരളം (57), ഗുജറാത്ത് (49), രാജസ്ഥാന്‍ (43), തെലങ്കാന (41) എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗികള്‍.

🔳കൗമാരക്കാര്‍ക്ക് കൂടി വാക്സീന്‍ നല്‍കാമെന്ന് വ്യക്തമാക്കി വാക്സീനേഷന്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൗമാരക്കാര്‍ക്ക് കൊവാക്സീന്‍ മാത്രമായിരിക്കും നല്‍കുകയെന്ന് പുതിയ മാര്‍ഗനിര്‍ദ്ദശത്തില്‍ പറയുന്നു. 2007ലോ അതിന് മുമ്പോ ജനിച്ച എല്ലാവരും വാക്സീന്‍ എടുക്കാന്‍ പുതിയ നയം അനുസരിച്ച് അര്‍ഹരാണ്.

🔳നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമത്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ മികച്ച പ്രവര്‍ത്തനം കണക്കിലെടുത്താണ് കേരളം ഒന്നാമതെത്തിയത്. തമിഴ്‌നാടും തെലങ്കാനയും പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ആരോഗ്യ സൂചിക പ്രകാരം ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശാണ്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ശക്തമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതും ആരോഗ്യ മേഖലയിലെ പുരോഗതി വിലയിരുത്തുന്നതും ലക്ഷ്യമാക്കിയാണ് നിതി ആയോഗ് ആരോഗ്യ സൂചിക തയ്യാറാക്കുന്നത്.

🔳ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ചും കേരളത്തെ പുകഴ്ത്തിയും കോണ്‍ഗ്രസ് എംപി ഡോ. ശശി തരൂര്‍. നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമതെത്തിയതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം. യോഗി ആദിത്യനാഥ് സദ്ഭരണവും രാഷ്ട്രീയ പ്രവര്‍ത്തനവും കേരളത്തെ കണ്ടുപഠിക്കണമെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

🔳ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഈ മാസം 30 മുതല്‍ ജനുവരി 2 വരെയാണ് നിയന്ത്രണം. പുതുവര്‍ഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. രാത്രി 10 മുതല്‍ രാവിലെ 5 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. കടകള്‍ രാത്രി 10 മണിയ്ക്ക് അടയ്ക്കണം. അനാവശ്യ യാത്രകള്‍ പാടില്ല എന്നും നിര്‍ദ്ദേശമുണ്ട്. ഇന്നലെ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്.

🔳ചാന്‍സിലര്‍ സ്ഥാനം വേണ്ടെന്ന നിലപാടിലുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇനി സ്ഥാനം ഏറ്റെടുക്കില്ലെന്നും സര്‍വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണര്‍ തന്നെ ചാന്‍സിലറാകണമെന്നത് ഭരണഘടനാപരമല്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍. ധാര്‍മ്മികതയ്ക്കും നിയമത്തിനും നിരക്കാത്തത് തനിക്ക് ചെയ്യേണ്ടി വന്നു, അത് അംഗീകരിക്കുന്നു. എന്നാലിനിയും തെറ്റ് തുടരാന്‍ വയ്യ. വിവാദങ്ങള്‍ തുടങ്ങിയ സമയത്തെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗവര്‍ണര്‍. താന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആവര്‍ത്തിക്കുന്നു.

🔳കിഴക്കമ്പലത്തെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പോര് മുറുകുന്നു. സംഭവത്തിന്റെ പേരില്‍ കിറ്റെക്സിനേയും ട്വന്റി ട്വന്റിയേയും ഇല്ലാതാക്കാന്‍ മുന്നണികള്‍ മത്സരിക്കുകയാണെന്നാരോപിച്ച് കിറ്റെക്സ് എം ഡി തന്നെ രംഗത്തെത്തി. എന്നാല്‍ അതിഥിത്തൊഴിലാളികളെ മുന്നില്‍ നിര്‍ത്തി കിറ്റെക്സും ട്വന്റി ട്വന്റിയും വിലപേശുകയാണെന്നാണ് പ്രത്യാരോപണം.

🔳കിറ്റക്സ് വിഷയത്തില്‍ വീഴ്ച സര്‍ക്കാരിന്റേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇതര സംസ്ഥാന തൊഴിലാളികളുടെ ഡാറ്റ ബാങ്ക് സര്‍ക്കാരിനില്ല. ബംഗ്ലാദേശികളും രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും ഇവരുടെ ഇടയിലുണ്ടെന്ന് കെ സുരേന്ദ്രന്‍ കണ്ണൂരില്‍ പറഞ്ഞു.

🔳കിഴക്കമ്പലം അക്രമ സംഭവവുമായി ബന്ധപ്പെട്ട് സാബു ജേക്കബിനെതിരെയും കേസെടുക്കണമെന്ന് ബെന്നി ബെഹനാന്‍. കിറ്റെക്സ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് ലഹരി മരുന്ന് എത്തിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സ്ഥാപനത്തിന് ഒഴിഞ്ഞു മാറാനാകില്ലെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. 2012ല്‍ കിറ്റെക്സിനൈതിരായ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ സാബു ജേക്കബ് ഉപയോഗിച്ചത് ഈ തൊഴിലാളികളെയാണെന്നും 20-20 യുടെ മുഖ്യ പ്രചാരകരും പ്രവര്‍ത്തകരും ഈ തൊഴിലാളികളാണെന്നും ബെന്നി ബെഹനാന്‍ ആരോപിച്ചു.

🔳സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമെന്ന് റിപ്പോര്‍ട്ടുകള്‍. നന്ദിഗ്രാം, ബംഗാള്‍ അനുഭവങ്ങള്‍ മറക്കരുത് എന്നായിരുന്നു വിമര്‍ശനങ്ങളില്‍ ഒന്ന്. പരിസ്ഥിതി വിഷയങ്ങളില്‍ മുതലാളിത്ത സമീപനമാണ് പാര്‍ട്ടിക്കെന്നും മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു.

🔳സംസ്ഥാനത്ത് ഏതെങ്കിലും വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ ചിലര്‍ വരുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന കുറ്റബോധം മൂലം ഉണ്ടായതാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കമ്പ്യൂട്ടര്‍ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോഴും പാടത്ത് ട്രാക്ടര്‍ ഇറക്കിയപ്പോഴും തുടങ്ങി ‘ഗെയില്‍ പൈപ്പ് ലൈന്‍’ സ്ഥാപിക്കുമ്പോള്‍ വരെ അക്രമാസക്തമായ സമരത്തിലൂടെ അതിനെ അട്ടിമറിക്കാന്‍ ശ്രമിച്ച സി.പി.എം നേതൃത്വത്തിന് വൈകിവന്ന വിവേകമാണ് മുഖ്യമന്ത്രിയുടെ ഈ കുമ്പസാരത്തിന് കാരണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

🔳ഷാന്‍ വധക്കേസില്‍ ആര്‍എസ്എസ് ജില്ലാ പ്രചാരകന്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി അനീഷാണ് അറസ്റ്റിലായത്. ആലുവ ജില്ലാ പ്രചാരകനാണ് ഇയാള്‍. എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ആര്‍എസ്എസ് നേതാക്കന്മാര്‍ക്ക് ആലുവ കാര്യാലയത്തില്‍ ഒളിത്താവളമൊരുക്കിയതിനാണ് ജില്ലാ പ്രചാരകനെ അറസ്റ്റ് ചെയ്തത്. ഇതോടെ ഷാന്‍ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി.

🔳വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. പൊലീസ് പ്രതിചേര്‍ത്തവര്‍ തന്നയാണ് സിബിഐ കേസിലും പ്രതികള്‍. നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിനു പിന്നാലെ സിബിഐയും പറയുന്നത്. എന്നാല്‍ തന്റെ മക്കളെ കൊലപ്പെടുത്തിയതാണെന്നായിരുന്നു പെണ്‍കുട്ടികളുടെ അമ്മയുടെ പ്രതികരണം.

🔳നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ വീണ്ടും ഹൈക്കോടതിയില്‍ . ചില സുപ്രധാന സാക്ഷികളെ വിസ്തരിക്കാനുള്ള പ്രോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നാണ് പരാതി. കേസിലെ പ്രധാന വാദങ്ങള്‍ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

🔳കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ ആയി ഗായകന്‍ എം.ജി ശ്രീകുമാറിനെ നിയമിക്കാനുള്ള തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമെന്ന് റിപ്പോര്‍ട്ടുകള്‍. ഇടത് അനുഭാവികളടക്കം ശ്രീകുമാറിനെ സംഗീത നാടക അക്കാദമി തലപ്പത്തേക്ക് കൊണ്ടുവരുന്നതിനെതിരെ രംഗത്തെത്തി. ശ്രീകുമാര്‍ ബിജെപി അനുഭാവി ആണെന്നും ബിജെപിക്ക് വേണ്ടി വോട്ടു ചോദിച്ച് പ്രചാരണത്തിനിറങ്ങിയ ആളാണെന്നുമാണ് ഇടത് അനുഭാവികളുടെ വിമര്‍ശനം. വിവാദം കനത്തതോടെ സര്‍ക്കാര്‍ ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ലെന്ന വിശദീകരണമാണ് മന്ത്രി സജി ചെറിയാന്‍ നല്‍കിയത്.

🔳വയനാട് കുറുക്കന്മൂലയില്‍ ജനവാസ മേഖലയിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയ്ക്കായുള്ള തിരച്ചില്‍ അവസാനിപ്പിക്കാനൊരുങ്ങി വനം വകുപ്പ്. കുറുക്കന്മൂലയില്‍ സ്ഥാപിച്ച 5 കൂടുകള്‍ അടിയന്തരമായി മാറ്റാന്‍ ഉത്തരമേഖല സിസിഎഫ് ഉത്തരവിട്ടു. പത്ത് ദിവസത്തിലേറെയായി ജനവാസ മേഖലകളില്‍ കടുവയുടെ സാന്നിധ്യമില്ലാത്തതിനാലാണ് നടപടി. കുറുക്കന്മൂലയിലും പയ്യമ്പള്ളിയിലുമായി 17 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്.

🔳എംഎല്‍എ മനസ് വച്ചാല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം നനയ്ക്കാനാവുമെന്ന പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ പരാമര്‍ശം വിവാദമാകുന്നു. പാര്‍ട്ടിയിലെ രണ്ട് അംഗങ്ങളെ പുകഴ്ത്തിക്കൊണ്ടുള്ള പഞ്ചാബ് കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശമാണ് പുതിയ വിവാദമായത്. പൊലീസുകാര്‍ക്കെതിരായ നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അടക്കമുള്ളവരാണ് രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.

🔳ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വരുണ്‍ ഗാന്ധി. രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി പകല്‍ റാലികളില്‍ ലക്ഷക്കണക്കിന് ആളുകളെ വിളിച്ചു വരുത്തിയിട്ട് എന്ത് കൊവിഡ് നിയന്ത്രണമാണ് നടത്തുന്നതെന്നാണ് വരുണ്‍ ഗാന്ധിയുടെ ചോദ്യം. ഒമിക്രോണിനെ തടയലാണോ അതോ പ്രചാരണ ശേഷി തെളിയിക്കുന്നതിനാണോ സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് വരുണ്‍ ഗാന്ധി ചോദിക്കുന്നു.

🔳വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ വരുന്ന എല്ലാ പോസ്റ്റുകളുടെ കാര്യത്തിലും വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് നേരിട്ട് ഉത്തരവാദിത്വമില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഒരു വാട്ട്സ്ആപ്പ് അക്കൌണ്ടില്‍ വന്ന പോസ്റ്റിന്റെ പേരില്‍ എടുത്ത കേസിന്റെ പ്രഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്നും വാട്ട്സ്ആപ്പ് അഡ്മിനെ ഒഴിവാക്കിയ ഉത്തരവിലാണ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഇത്തരം ഒരു നിരീക്ഷണം നടത്തിയത് എന്നാണ് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

🔳സൊമാലിയന്‍ പ്രധാനമന്ത്രി മുഹമ്മദ് റോബിളിനെ പ്രസിഡന്റ് മുഹമ്മദ് ഫര്‍മാജോ സസ്പെന്‍ഡുചെയ്തു. അഴിമതിയാരോപണം നേരിടുന്ന റോബിളിനെതിരായ അന്വേഷണം പൂര്‍ത്തിയാകുംവരെ സസ്പെന്‍ഷന്‍ തുടരുമെന്നാണ് വിവരം. അതേസമയം, പ്രസിഡന്റിന്റെ നടപടി അതിരുകടന്നതാണെന്നും റോബിള്‍ തത്സ്ഥാനത്തു തുടരുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്- മുംബൈ സിറ്റി എഫ്‌സി മത്സരം സമനിലയില്‍ പിരിഞ്ഞു. അടിക്ക് തിരിച്ചടിയും കണ്ട മത്സരത്തില്‍ ഇരുവരും മൂന്ന് ഗോള്‍ വീതം നേടി. സമനിലയായെങ്കിലും മുംബൈ എട്ട് മത്സരങ്ങളില്‍ 16 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഒമ്പത് മത്സരങ്ങളില്‍ എട്ട് പോയിന്റ് മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് ഒമ്പതാമതാണ്.

🔳അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍. ഗ്രപ്പ് എയിലെ മൂന്നാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ അവസാന നാലിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

🔳ദക്ഷിണാഫ്രിക്ക-ഇന്ത്യ ഒന്നാം ടെസ്റ്റിന്റെ രണ്ടാംദിനം മഴമൂലം ഉപേക്ഷിച്ചു. മൂന്ന് വിക്കറ്റിന് 272 റണ്‍സ് എന്ന നിലയിലാണ് ടീം ഇന്ത്യ. ഇന്നലെ മഴയെ തുടര്‍ന്ന് ഒരുപന്ത് പോലും എറിയാന്‍ സാധിച്ചില്ല. ഏഴാം ടെസ്റ്റ് സെഞ്ചുറി നേടി 122 റണ്‍സെടുത്ത കെ.എല്‍ രാഹുലും 40 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍.

🔳കേരളത്തില്‍ ഇന്നലെ 42,149 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 213 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 46,822 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1484 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 86 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2864 പേര്‍ രോഗമുക്തി നേടി. ഇതോടെ 21,224 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 344, കോഴിക്കോട് 233, എറണാകുളം 190, കോട്ടയം 130, കണ്ണൂര്‍ 121, പത്തനംതിട്ട 108, തൃശൂര്‍ 107, കൊല്ലം 100, ആലപ്പുഴ 79, ഇടുക്കി 59, മലപ്പുറം 56, കാസര്‍ഗോഡ് 42, പാലക്കാട് 39, വയനാട് 28.

🔳ആഗോളതലത്തില്‍ ഇന്നലെ 6,53,554 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,60,935 പേര്‍ക്കും ഇംഗ്ലണ്ടില്‍ 98,515 പേര്‍ക്കും റഷ്യയില്‍ 23,210 പേര്‍ക്കും ഫ്രാന്‍സില്‍ 30,383 പേര്‍ക്കും സ്പെയിനില്‍ 53,654 പേര്‍ക്കും ഇറ്റലിയില്‍ 30,810 പേര്‍ക്കും തുര്‍ക്കിയില്‍ 26,099 പേര്‍ക്കും അര്‍ജന്റീനയില്‍ 20,263 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 28.15 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.52 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 4,347 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 431 പേരും റഷ്യയില്‍ 937 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54.21 ലക്ഷമായി.

🔳ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കെ രാജ്യത്തെ ഓഫീസ് ലീസിംഗ് വര്‍ധിക്കുമെന്ന് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റുകള്‍. അടുത്ത വര്‍ഷം മേഖല 30-35 ശതമാനം വളര്‍ച്ച നേടുമെന്നാണ് ജെഎല്‍എല്ലിന്റെ കണക്കുകൂട്ടല്‍. ഐടിയെക്കൂടാതെ ഇ-കൊമേഴ്സ്, ഹെല്‍ത്ത് കെയര്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ നിന്നുള്ള ഡിമാന്‍ഡും ഉയരും. വാടക നിരക്ക് മാറ്റമില്ലാതെ തുടരുമെന്നും ജെഎല്‍എല്‍ പറയുന്നു. കൊമേഴ്സ്യല്‍ ആവശ്യങ്ങള്‍ക്ക് കെട്ടിടങ്ങള്‍ വാടയ്ക്കെടുക്കുന്നത്, 2023ല്‍ കൊവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് എത്തുമെന്നും ഈ മേഖലയിലുള്ളവര്‍ വ്യക്തമാക്കി.

🔳ലോകത്തെ പ്രധാന സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും അധികം ജോലിയെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍പന്തിയില്‍. ഇക്കണോമിക്ക് കോര്‍പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിവിധ രാജ്യങ്ങളിലെ ജോലി സമയങ്ങളുടെ താരതമ്യം. ആഴ്ചയില്‍ 48 മണിക്കൂറാണ് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നത്. ആഴ്ചയില്‍ 47.6 മണിക്കൂര്‍ ജോലി സമയമുള്ള കൊളംബിയ ആണ് ഇന്ത്യയ്ക്ക് പിന്നില്‍. 46 മണിക്കൂറാണ് ചൈനയിലെ പ്രവര്‍ത്തി സമയം. യുഎസില്‍ 38.7 മണിക്കൂറും യുകെയില്‍ 36.3 മണിക്കൂറുമാണ് ആളുകള്‍ ജോലി ചെയ്യുന്നത്. ഓസ്ട്രേലിയ-35.7, ഫ്രാന്‍സ്-36.5, ജര്‍മനി- 34.6, ന്യൂസിലാന്റ്- 37.8 എന്നിങ്ങനെയാണ് കണക്ക്. നെതര്‍ലാന്റ്സിലാണ് ജോലി സമയം ഏറ്റവും കുറവ്. ആഴ്ചയില്‍ 29.5 മണിക്കൂര്‍ മാത്രമാണ് ഇവിടെ ആളുകള്‍ ജോലി ചെയ്യുന്നത്.

🔳അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ മഡ്ഡി’ ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് പ്രഖ്യാപിച്ചു. മാസം ആദ്യം തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഡിസംബര്‍ 31 മുതല്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ചെയ്യും. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളില്‍ സിനിമ ലഭ്യമാകും. താരങ്ങളേക്കാള്‍ പ്രമേയത്തിന് പ്രാധാന്യം നല്‍കിയ മഡ്ഡി രാജ്യത്തെ തന്നെ ആദ്യ മുഴുനീള മഡ് റേസ് ചിത്രമാണ്. ആക്ഷനും, ത്രില്ലും സമുന്യയിപ്പിച്ച ദൃശ്യ-ശ്രവ്യ വിസ്മയമായ ‘മഡ്ഡി’ നവാഗതനായ ഡോ. പ്രഗഭലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

🔳ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ തമിഴ് ചിത്രം ‘ജോഷ്വ ഇമൈ പോല്‍ കാക’യുടെ ട്രെയ്ലര്‍ പുറത്തെത്തി. വരുണ്‍ നായകനാവുന്ന ചിത്രത്തില്‍ കൃഷ്ണ, റാഹെയ് എന്നിവരാണ് നായികമാരാവുന്നത്. ഗൗതം മേനോന്റെത് തന്നെയാണ് ചിത്രത്തിന്റെ രചന. ലണ്ടനില്‍ നിന്ന് ചെന്നൈയിലേക്ക് എത്തുന്ന വിഐപി ആയ ഒരു സ്ത്രീയുടെ അംഗരക്ഷകനാണ് വരുണിന്റെ നായക കഥാപാത്രം. യോഗി ബാബു, മന്‍സൂര്‍ അലി ഖാന്‍, വിചിത്ര, ദിവ്യദര്‍ശിനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

🔳ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര വാഹന വിഭാഗമാണ് ലക്സസ്. ഇപ്പോഴിതാ സീറോ എമിഷന്‍ ഉള്ള സാഹസിക ഡ്രൈവ് ഉറപ്പാക്കുന്ന ഒരു ആശയം അവതരിപ്പിച്ചിരിക്കുകയാണ് ലെക്സസ്. ഹൈഡ്രജന്‍ കരുത്തുള്ള റിക്രിയേഷണല്‍ ഓഫ്-ഹൈവേ വെഹിക്കിള്‍ കണ്‍സെപ്റ്റ് ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പരുക്കനും പ്രകടനം നഷ്ടപ്പെടുത്താതെ ഒരു ആഡംബര ഓഫറായാണ് ഈ കണ്‍സെപ്റ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഹൈഡ്രജന്‍ എഞ്ചിന്‍ സീറോ എമിഷന്‍ ആണ് വാഗ്ദാനം ചെയ്യുന്നത്.

🔳എഴുത്തുകാരനു ലഭിച്ച കത്തുകള്‍, ആ കത്തുകള്‍ക്കുള്ളില്‍ 1945 ല്‍ ജപ്പാനിലെ രണ്ടു നഗരങ്ങളില്‍ നടന്ന ആണവാക്രമണത്തിന്റെ കെടുതികള്‍ നേരിട്ടനുഭവിച്ച കുറച്ചു മനുഷ്യര്‍. അവരുടെ അക്കാലത്തെ ജീവിതം. ഇപ്പോള്‍ അവരുടെ ജീവിതത്തിലേക്ക് കടന്നുവന്ന രണ്ടു ഡോക്ടര്‍മാര്‍. അതിനിടയില്‍ നടന്ന ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘത്തിന്റെ സുപ്രധാനമായൊരു ഓപ്പറേഷന്‍. ജീവിതങ്ങളും പ്രണയവും രഹസ്യങ്ങളും ആ കത്തുകളിലൂടെ ഇതള്‍ വിരിയുന്ന വ്യത്യസ്തമായ നോവല്‍. ‘ബ്യൂസെ ഫലസ്’. റിഹന്‍ റഷീദ്. മനോരമ ബുക്സ്. വില 142 രൂപ.

🔳അമിത അളവില്‍ കാത്സ്യം കഴിക്കുന്നത് ശരീരത്തിന് പല വിധത്തില്‍ ദോഷം ചെയ്യും. രക്തത്തിലെ കാത്സ്യത്തിന്റെ അളവ് സാധാരണ നിലയേക്കാള്‍ കൂടുന്ന അവസ്ഥയെ ഹൈപ്പര്‍ കാല്‍സെമിയ എന്ന് വിളിക്കുന്നു. അസ്ഥികള്‍ക്ക് പ്രധാനമാണ് കാത്സ്യമെങ്കിലും അധിക അളവ് എല്ലുകളെ ദുര്‍ബലപ്പെടുത്തും. കാത്സ്യം അമിതമായി കഴിക്കുന്നതിന്റെ ഏറ്റവും സാധാരണമായ പ്രശ്നങ്ങളില്‍ ഒന്നാണ് മലബന്ധം. അധിക കാത്സ്യം നിങ്ങളുടെ വൃക്കകളെ അത് അരിച്ചെടുക്കുന്നതിന് കഠിനമായി പ്രവര്‍ത്തിപ്പിക്കുന്നു. ഇത് ദാഹത്തിനും ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതിനും കാരണമാകും. കൂടാതെ അസ്ഥി വേദനയും പേശി ബലഹീനതയും അനുഭവപ്പെടുന്നതും സാധാരണമാണ്. അടിക്കടിയുള്ള തലവേദനയും ക്ഷീണവും കാത്സ്യത്തിന്റെ അമിതോപയോഗത്തിന്റെ ഫലമാണ്. ആശയക്കുഴപ്പം, അലസത, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു. അപൂര്‍വമായി, കഠിനമായ ഹൈപ്പര്‍ കാല്‍സെമിയ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നു, ഇത് ഹൃദയമിടിപ്പിലെ വര്‍ദ്ധനവ്, ബോധക്ഷയം മറ്റ് ഹൃദയ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.

*ശുഭദിനം*

ആളുകളെ ബഹിരാകാശത്തേക്ക് കയറ്റി അയക്കുന്ന പരീക്ഷണങ്ങളില്‍ ആ രണ്ടു രാജ്യങ്ങളും തമ്മില്‍ വലിയ മത്സരമായിരുന്നു. ആദ്യയാത്രയില്‍ രണ്ടു രാജ്യക്കാരും ഒരു വലിയ പ്രശ്‌നം നേരിട്ടു. ബോള്‍ പോയിന്റ് പേനകള്‍ സീറോ ഗ്രാവിറ്റിയില്‍ തെളിയുന്നില്ല. അതിനൊരു പരിഹാരം കണ്ടെത്താനായി രണ്ടു രാജ്യക്കാരുടേയും ശ്രമം. ഗവേഷണങ്ങളില്‍ മുന്‍പന്തിയില്‍ ഉള്ളത് ആദ്യത്തെ രാജ്യമായിരുന്നു. അവര്‍ കോടിക്കണക്കിന് രൂപ ചിലവഴിച്ച് വര്‍ഷങ്ങള്‍ക്കൊണ്ട് അത്തരമൊരു പേന കണ്ടുപിടിച്ചു. എന്നാല്‍ രണ്ടാമത്തെ രാജ്യം ലളിതമായി ആ പ്രശ്‌നത്തിന് പരിഹാരം കണ്ടുപിടിച്ചു. പേനയ്ക്ക് പകരം പെന്‍സില്‍ ഉപയോഗിച്ചു തുടങ്ങി! പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതിന് മുമ്പ് എന്താണ് യഥാര്‍ത്ഥപ്രശ്‌നം എന്ന് കണ്ടെത്തേണ്ടതുണ്ട്. അപകടമായ ലക്ഷണങ്ങളായിരിക്കണമെന്നില്ല യഥാര്‍ത്ഥ പ്രശ്‌നം. സ്ഥിരം അപകടം നടക്കുന്ന വളവില്‍ അപകടത്തില്‍ പെടുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് സജ്ജമാക്കിനിര്‍ത്തുന്നതിനേക്കാള്‍ നല്ലതല്ലേ, ആ വളവ് നിവര്‍ത്തുന്നതിനെ കുറിച്ച് ചിന്തിക്കുക എന്നത്. ഏതൊരു കര്‍മപദ്ധതി ആവിഷ്‌കരിക്കുമ്പോഴും അതിനുവേണ്ടി തുക ചെലവഴിക്കുന്ന സമയവും തുകയും അതിന് പകരം തരുന്ന ഗുണവും തമ്മില്‍ ആനുപാതിക ബന്ധമുണ്ടാകണം. എല്ലാ പരീക്ഷണങ്ങവും വിജയിക്കണമെന്നില്ല. പക്ഷേ, പരാജയപ്പെടുന്ന പരീക്ഷണങ്ങളും നമുക്ക് ചില പാഠങ്ങള്‍ പഠിപ്പിച്ചുതരുന്നുണ്ട്. പ്രശ്‌നപരിഹാരത്തിന് പലവഴികളുണ്ട്. പ്രായോഗികവും പ്രയോജനകരവുമായി പുതുമകള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് പ്രശ്‌നപരിഹാരത്തിലേക്ക് നമുക്ക് നീങ്ങാം