ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കില്ല

 

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഒരു മത്സരത്തിലും കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനം. ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയും ബിസിസിഐയും തമ്മിൽ നടത്തിയ യോഗത്തിലാണ് തീരുമാനം. ഒമിക്രോൺ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കാണികൾക്ക് വിലക്കേർപ്പെടുത്തുന്നത്. ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്

നേരത്തെ സെഞ്ചൂറിയൻ ടെസ്റ്റിൽ മാത്രമേ കാണികൾക്ക് വിലക്കുണ്ടാകൂ എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഒമിക്രോൺ ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് എല്ലാ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനമായത്. മൂന്ന് വീതം ടെസ്റ്റ് മത്സരങ്ങളും ഏകദിനങ്ങളുമാണ് ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ കളിക്കുക

ഡിസംബർ 26ന് ബോക്‌സിംഗ് ഡേയിലാണ് സെഞ്ചൂറിയനിൽ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ജനുവരി മൂന്നിന് വാൻഡറേഴ്‌സിലാണ് രണ്ടാം ടെസ്റ്റ്. ജനുവരി 11ന്  ന്യൂലാൻഡ്‌സിൽ മൂന്നാം ടെസ്റ്റും നടക്കും. ഡിസംബർ 16ന് ദക്ഷിണാഫ്രിക്കയിൽ എത്തിയ ഇന്ത്യൻ ടീം ഒരു റിസോർട്ടിൽ ബയോ ബബിളിൽ കഴിയുകയാണ്. പരിശീലനത്തിനായി മാത്രമാണ് താരങ്ങൾ പുറത്തിറങ്ങുന്നത്.

ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്ക് ഇതുവരെ ടെസ്റ്റ് പരമ്പര നേടാൻ സാധിച്ചിട്ടില്ല. ഈ നാണക്കേട് മാറ്റാനായാണ് വിരാട് കോഹ്ലിയുടെയും സംഘത്തിന്റെയും ശ്രമം. അതേസമയം രോഹിത് ശർമ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ എന്നിവർ പരുക്കിനെ തുടർന്ന് പര്യടനത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. രോഹിതിന്റെ അഭാവത്തിൽ കെ എൽ രാഹുലാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.

ഇന്ത്യൻ ടെസ്റ്റ് സ്‌ക്വാഡ്: വിരാട് കോഹ്ലി(ക്യാപ്റ്റൻ), കെ എൽ രാഹുൽ(വൈസ് ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, പ്രിയങ്ക് പാഞ്ചൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), വൃദ്ധിമാൻ സാഹ(വിക്കറ്റ് കീപ്പർ), രവിചന്ദ്ര അശ്വിൻ, ജയന്ത് യാദവ്, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുമ്ര, ഷാർദൂൽ താക്കൂർ, മുഹമ്മദ് സിറാജ്‌