ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിന് ഫെബ്രുവരിയിൽ തുടക്കമാകും. നാല് ടെസ്റ്റുകളും അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് പര്യടനത്തിനുള്ളത്. ടെസ്റ്റ് മത്സരങ്ങളിൽ ഒന്ന് ഡേ നൈറ്റ് മത്സരമാണ്.
കൊവിഡ് സാഹചര്യത്തിൽ മത്സരങ്ങളെല്ലാം നിശ്ചിത സ്റ്റേഡിയത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റുകൾ ചെന്നൈയിൽ നടക്കും. ഫെബ്രുവരി അഞ്ചിനാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക. അവസാന രണ്ട് ടെസ്റ്റുകൾ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ നടക്കും. മൂന്നാം ടെസ്റ്റ് ഡേ നൈറ്റ് മത്സരമായിരിക്കും.
ടി20 മത്സരങ്ങളും അഹമ്മദാബാദ് സ്റ്റേഡിയത്തിൽ തന്നെയാകും നടക്കുക. ഒരു ലക്ഷത്തിലധികം കാണികളെ ഉൾക്കൊള്ളാനാകുന്ന സ്റ്റേഡിയാണ് മൊട്ടേര. മൂന്ന് ഏകദിന മത്സരങ്ങളും നടക്കുന്നത് പൂനെയിലാണ്. മാർച്ചിലാണ് ഇന്ത്യയിൽ അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടന്നത്.