ശബരിമലയിൽ മണ്ഡല പൂജ ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര നാളെ പുറപ്പെടും. ആറൻമുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന രഥം 73 കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി സന്നിധാനത്ത് എത്തും. കൊവിഡ് ഇളവുകൾ വന്നതിനാൽ സാധാരണ തീർഥാടന കാലം പോലെയാണ് ഇക്കുറി രഥഘോഷയാത്ര നടക്കുക
കഴിഞ്ഞ വർഷം ആൾക്കൂട്ടം പരമാവധി ഒഴിവാക്കിയായിരുന്നു തങ്കയങ്കി രഥഘോഷയാത്ര നടന്നത്. ഇത്തവണ അതിൽ നിന്ന് മാറ്റമുണ്ട്. വിവിധ ക്ഷേത്രത്തിൽ സ്വീകരണമുണ്ടാകും. തങ്ക അങ്കിയെ അനുഗമിക്കാൻ ഭക്തർക്ക് അനുമതിയുണ്ട്. ചടങ്ങുകളിൽ പങ്കെടുക്കുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് നിർദേശം
നാളെ പുലർച്ചെ നാല് മണി മുതൽ ആറൻമുള ക്ഷേത്രത്തിൽ ഭക്തർക്ക് തങ്ക അങ്കി ദർശനത്തിനുള്ള അവസരമുണ്ട്. ഏഴ് മണിക്ക് രഥഘോഷയാത്ര പുറപ്പെടും. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരക്ക് ഘോഷയാത്ര പമ്പയിലെത്തും. വൈകുന്നേരം സന്നിധാനത്ത് അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കും. ഞായറാഴ്ച 41 ദിവസത്തെ മണ്ഡലകാല ഉത്സവം പൂർത്തിയാക്കി നട അടക്കും. 30ന് വൈകുന്നേരം മകരവിളക്ക് ഉത്സവത്തിനായി നട വീണ്ടും തുറക്കും.