കൊച്ചിയിൽ ഒമിക്രോൺ സ്ഥിരീകരിച്ച രോഗി മാളുകളിലും റസ്‌റ്റോറന്റുകളിലും പോയതായി കണ്ടെത്തി

 

കൊച്ചിയിൽ ഒമിക്രോൺ സ്ഥിരീകരിച്ച രോഗിയുടെ സമ്പർക്ക പട്ടിക വലുതാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കോംഗോയിൽ നിന്നാണ് ഇയാൾ കൊച്ചിയിലെത്തിയത്. കോംഗോ ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാൽ കേന്ദ്ര മാർഗനിർദേശമനുസരിച്ച് സ്വയം നിരീക്ഷണമാണ് ഇയാൾക്ക് അനുവദിച്ചത്. എന്നാൽ ഇയാൾ ഷോപ്പിംഗ് മാളിലും റസ്റ്റോറന്റുകളിലും അടക്കം പോയിരുന്നു.

രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. സമ്പർക്ക പട്ടികയിലുള്ളവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്നും എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ഇനി മുതൽ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായി നടപ്പാക്കും. സ്വയം നിരീക്ഷണത്തിലെ വ്യവസ്ഥകൾ എല്ലാവരും കൃത്യമായി പാലിക്കണം. സാമൂഹിക ഇടപെടലുകൾ, ആൾക്കൂട്ടങ്ങളുള്ള സ്ഥലങ്ങൾ, തീയറ്ററുകൾ, മാളുകൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കണം.

രോഗികൾ കൂടുന്ന സാഹചര്യമുണ്ടായാൽ ഐസോലേഷൻ വാർഡുകൾ ജില്ലകളിൽ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമുള്ളവർക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സയിൽ കഴിയാവുന്നതാണ്. വിമാനത്താവളങ്ങളിലും സീ പോർട്ടിലും നിരീക്ഷണം ശക്തമാക്കി.