Headlines

രണ്ട് വര്‍ഷത്തിന് ശേഷം ഗസ്സയുടെ തെരുവുകളില്‍ ആദ്യമായി നിറഞ്ഞ പുഞ്ചിരികള്‍; ട്രംപിന് ബന്ദികളുടെ ഉറ്റവരില്‍ നിന്ന് നന്ദി മെസേജുകള്‍; ഗസ്സ സമാധാനത്തിലേക്ക്

ഗസ്സയില്‍ ആദ്യഘട്ട വെടിനിര്‍ത്തലിന് ധാരണയായതിന് പിന്നാലെ ഗസ്സയുടെ തെരുവുകളില്‍ ആര്‍ത്തുവിളിച്ചും കെട്ടിപ്പിടിച്ചും കൈയടിച്ചും സന്തോഷം പ്രകടിപ്പിച്ച് പലസ്തീന്‍ ജനത. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച ഇരുപതിന കരാറിന്റെ ആദ്യഭാഗം ഇസ്രയേലും ഹമാസും അംഗീകരിച്ചതിനെ തുടര്‍ന്നാണ് രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായി ഗസ്സയുടെ തെരുവുകളില്‍ പുഞ്ചിരി വിടരുന്നത്. ആദ്യഘട്ട വെടിനിര്‍ത്തല്‍, ബന്ദി കൈമാറ്റം, തടസങ്ങളില്ലാതെ ഗസ്സയില്‍ സഹായമെത്തിക്കല്‍ എന്നിവയാണ് ഉടനടി നടക്കാനിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗസ്സയിലേക്ക് അതിവേഗം സഹായമെത്തിക്കാനായി ഐക്യരാഷ്ട്രസഭയുടെ റിലീഫ് ആന്‍ഡ് വര്‍ക് എമര്‍ജന്‍സി ഏജന്‍സി തയ്യാറാകുന്നതായാണ് വിവരം.

പലസ്തീന്‍ പ്രാദേശിക സമയം 12 മണിയോടെയാണ് ആദ്യഘട്ട വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. തിങ്കളാഴ്ചയോടെ ഇസ്രയേലി ബന്ദികളെ ഹമാസ് വിട്ടയയ്ക്കുമെന്നും 24 മണിക്കൂറിനുള്ളില്‍ ഇസ്രയേല്‍ സൈന്യം ഗസ്സയില്‍ നിന്ന് പിന്മാറി തുടങ്ങുമെന്നുമാണ് വിവരം. ഇസ്രയേല്‍- ഗസ്സ സമാധാന ചര്‍ച്ചകളില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയതിന് ബന്ദികളുടെ ഉറ്റവര്‍ ട്രംപിന് നിരവധി വിഡിയോ സന്ദേശങ്ങള്‍ അയയ്ക്കുന്നുണ്ട്.

മധ്യസ്ഥത വഹിച്ച ഖത്തറിനും ഈജിപ്തിനും തുര്‍ക്കിക്കും നന്ദി പറഞ്ഞ ട്രംപ് ഇരുപക്ഷത്തുമുള്ളവരെ ഒരുപോലെ പരിഗണിക്കുമെന്നും പറഞ്ഞു. ബന്ദികളെ ഉടന്‍ തിരിച്ചെത്തിക്കുമെന്ന പ്രപഖ്യാപനവുമായി ട്രംപിന് പിന്നാലെ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രംഗത്തെത്തി. ഹമാസും ഇസ്രയേലും സമാധാന പദ്ധതിയുടെ ആദ്യഭാഗം അംഗീകരിച്ചതായി ഖത്തര്‍ ഒദ്യോഗിക വക്താവ് മജേദ് അല്‍ അന്‍സാരിയും പറഞ്ഞു.

ഗസ്സയുടെ ഭരണാധികാരം, ഹമാസിന്റെ നിരായുധീകരണം എന്നീ വിഷയങ്ങളില്‍ ഇനിയും തീരുമാനമാകേണ്ടതുണ്ട്. ഇതിനിടയില്‍ ഗസ്സയില്‍ നിന്നും പിന്മാറാന്‍ അമേരിക്കയും അറബ് രാജ്യങ്ങളും ഇസ്രയേലിനു മുകളില്‍ സമ്മര്‍ദം ചെലുത്തണമെന്ന പൊതുപ്രസ്താവനയുമായി ഹമാസ് രംഗത്തെത്തി. ടെലഗ്രാം വഴിയാണ് പ്രസ്താവനപുറത്തുവിട്ടത്.

കരാര്‍ അംഗീകരിക്കാന്‍ മന്ത്രിസഭ ഉടന്‍ വിളിച്ചുചേര്‍ക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. എല്ലാ ബന്ദികളേയും തിരിച്ചെത്തിക്കുമെന്നും നെതന്യാഹു പ്രഖ്യാപിച്ചു. ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റവും മാനുഷികസഹായമെത്തിക്കലും കരാറിന്റെ ഭാഗമെന്ന് ഖത്തര്‍. ഇസ്രയേല്‍ സൈന്യത്തിന്റെ പിന്മാറ്റവും ബന്ദി-തടവുകാര്‍ കൈമാറ്റവും കരാര്‍ പ്രകാരം നടക്കുമെന്ന് ഹമാസ് അറിയിച്ചു.