അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്- ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ണായക ചര്‍ച്ച ഇന്ന് വൈറ്റ് ഹൗസില്‍. ഗസ്സയിലെ ആക്രണത്തിനെതിരായ ലോക വ്യാപക പ്രതിഷേധത്തിന് മുന്നില്‍ ഇസ്രയേല്‍ ഒറ്റപ്പെട്ടതിന് പിന്നാലെയാണ് കൂടിക്കാഴ്ച്ച. ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണെന്ന് ട്രംപും നെതന്യാഹുവും വ്യക്തമാക്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്നത്തെ കൂടിക്കാഴ്ച അതീവ നിര്‍ണായകമാകും. ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടാകുമെന്ന് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. പുതിയ വെടിനിര്‍ത്തല്‍ മാര്‍ഗരേഖ തയ്യാറാക്കുകയാണെന്നും വൈറ്റ് ഹൗസുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരിച്ചു
ഗസ്സയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ 21 ഇന പദ്ധതിയില്‍ പലസ്തീന്‍ രാഷ്ട്രം നിലനില്‍ക്കേണ്ടതിനെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഇതിനെ വാക്കാലെ നെതന്യാഹു എതിര്‍ക്കുക കൂടി ചെയ്ത പശ്ചാത്തലത്തിലാണ് ഇന്നത്തെ കൂടിക്കാഴ്ച അതീവ നിര്‍ണായകമാകുന്നത്. ഒക്ടോബര്‍ ഏഴ് സംഭവത്തിന് പിന്നാലെ പലസ്തീനി ജനതയ്ക്ക് ജറുസലേമിനടുത്ത് ഒരു രാഷ്ട്രം നല്‍കുന്നത് സെപ്റ്റംബര്‍ 11 സംഭവത്തിന് പിന്നാലെ അല്‍ ഖ്വയ്ദയ്ക്ക് ന്യൂയോര്‍ക്ക് സിറ്റിക്കടുത്ത് രാഷ്ട്രം നല്‍കുന്നതിന് തുല്യമെന്ന് പറഞ്ഞാണ് ട്രംപിന്റെ നിര്‍ദേശത്തെ നെതന്യാഹു വാക്കാലെ തള്ളിയത്.
അതേസമയം വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട 21 ഇന പദ്ധതികളെ കുറിച്ച് ഹമാസിന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഹമാസിനെ നിരായൂധീകരിക്കുന്നതോടൊപ്പം ബന്ധികളെ ഇസ്രയേലിന് കൈമാറുക എന്നതാണ് 21 ഇന പദ്ധതിയിലെ പ്രധാന ഉപാധി. ഗസ്സയില്‍ ഇടക്കാല സര്‍ക്കാര്‍ വരികയും സര്‍ക്കാരിന് മുന്‍ബ്രീട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ നേതൃത്വം നല്‍കും എന്നതും പദ്ധതിയുടെ ഭാഗമായി വരുന്നു.ഈ ആവശ്യങ്ങളോട് ഹമാസ് എങ്ങനെ പ്രതികരിക്കുമെന്നതാണ് നിര്‍ണായകം. അതേസമയം രണ്ട് ഇസ്രയേല്‍ ബന്ദികളുടെ ജീവന്‍ അപകടത്തിലാണെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഗസ്സയിലെ ജനവാസ മേഖലയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം അതിശക്തമായി തുടരുകയുമാണ്.
വിഷയത്തില്‍ അറബ് രാജ്യങ്ങളുടെ ഇടപെടലും ലോകം ആകാംക്ഷയോടെ നോക്കി കാണുകയാണ്.ചര്‍ച്ചകളുടെ ഭാഗമായി ഇസ്രയേലിലെ യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബീ ഈജിപ്ത് സന്ദര്‍ശിക്കും.അതേസമയം ഗസയിലേക്ക് സഹായവുമായി പുറപ്പെട്ട ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില കപ്പലിന് നേരെ സൈനിക മുന്നൊരുക്കം ഇസ്രയേല്‍ ശക്തമാക്കിയിട്ടുണ്ട്.അഞ്ച് ദിവസത്തിനുള്ളില്‍ കപ്പില്‍ ഗസ്സ തീരത്തെത്തും.