Headlines

ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി ബിജെപി; ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തി രാജീവ് ചന്ദ്രശേഖര്‍

ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാനുള്ള ബിജെപി നീക്കം തുടരുന്നു. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തി. സഭയുമായുള്ള പ്രശ്‌നങ്ങള്‍ ബിജെപി പരിഹരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഛത്തീസ്ഗഡ് വിഷയത്തിന് പിന്നാലെ ക്രൈസ്തവ സഭകളുമായി ഉണ്ടായ അകലം കുറയ്ക്കുന്നതിനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ഔട്ട് റീച്ച് സെല്ലിന്റെ കോട്ടയത്ത് നടന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയത്. 12 .30 ഓടെ ബിഷപ്പ് ഹൗസില്‍ എത്തിയ ചന്ദ്രശേഖര്‍ രണ്ട് മണിക്കൂറോളം ഇവിടെ ചിലവഴിച്ചു. സൗഹൃദ സന്ദര്‍ശനമാണെന്ന് പറയുബോഴും സഭയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നീക്കമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ തന്നെ പറയുന്നു.

വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്ജ് ഒപ്പമുള്ളവരും രാജീവ് ചന്ദ്രശേഖറിനൊപ്പം ഉണ്ടായിരുന്നു. നേരത്തെ കാഞ്ഞിരപ്പള്ളി ബിഷപ്പിനെയും കോട്ടയം രൂപത ബിഷപ്പിനെയും രാജീവ് ചന്ദ്രശേഖര്‍ കണ്ടിരുന്നു.