പാർട്ടിയുടെ ക്രൈസ്തവ നയതന്ത്രം പാളിയെന്ന ഒരു വിഭാഗത്തിന്റെ വിമർശനത്തിന് പിന്നാലെ ക്രൈസ്തവ പിന്തുണനേടാൻ തീവ്ര ശ്രമവുമായി ബിജെപി. ക്രൈസ്തവ മേലധ്യക്ഷൻമാരെയും ബിഷപ്പുമാരെയും സന്ദർശിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ തീരുമാനം. ഇന്ന് മുതൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഔട്ട് റീച്ച് പ്രോഗ്രാം നടത്തും.
സംസ്ഥാന വൈസ് പ്രസിഡൻറ് ഷോൺ ജോർജിനെ ചുമതല എല്പിച്ചു. രാജീവ് ചന്ദ്രശേഖർ, എസ് സുരേഷ്, ഷോൺ ജോർജ്, മോർച്ച നേതാക്കളായ ജിജി ജോസഫ്, സുമിത് ജോർജ് എന്നിവർ ഇന്നലെ കെജി മാരാർ ഭവനിൽ യോഗം ചേർന്നാണ് സന്ദർശനങ്ങൾ തീരുമാനിച്ചത്. ഷോൺ ജോർജ് ഇന്ന് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ പ്രസിഡൻറ് കർദിനാൾ ബസേലിയോസ് ക്ലിമ്മിസ് ബാവ,ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പെരേര എന്നിവരെ കാണും.
ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപി പരോക്ഷമായും പ്രത്യക്ഷമായും വിമർശിച്ച് ക്രൈസ്തവ സഭകൾ രംഗത്തെത്തിയിരുന്നു. കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം തുടരുമെന്ന് ക്രൈസ്തവ സഭകൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈസ്തവ പിന്തുണ വീണ്ടെടുക്കാൻ ബിജെപിയുടെ ശ്രമം.