Headlines

‘കേന്ദ്ര സർക്കാരിന്റെ വാക്കിന് വിലയില്ല; ക്രൈസ്തവ സമൂഹവും ആശങ്കയിൽ‌’; രമേശ് ചെന്നിത്തല

കന്യാസ്ത്രീകളുടെ മോചനത്തിൽ കേന്ദ്ര ഗവൺമെന്റിന്റെയും ആഭ്യന്തര മന്ത്രിയുടേയും വാക്കിന് വില ഇല്ലെന്ന് രമേശ് ചെന്നിത്തല. നിയമം ബജ്റംഗ്ദളിന്റെ കൈയിലാണ്. കേരളത്തിലെ ജനങ്ങളും ക്രൈസ്തവ സമൂഹവും ആശങ്കയിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ബിലാസ്പൂർ എൻഐഎ കോടതി നാളെ വിധി പറയും. ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർത്തിരുന്നു.

ജാമ്യാപേക്ഷയെ സംസ്ഥാന സർക്കാർ എതിർത്തത്തോടെ കന്യാസ്ത്രീകളുടെ മോചനത്തിൽ കേന്ദ്രവും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും നൽകിയ ഉറപ്പ് പാഴായി. വാദം പൂർത്തിയാക്കിയ കോടതി നാളെ വിധിപറയും. നിയമം അതിന്റെ വഴിക്ക് പോകുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പ്രതികരിച്ചിരുന്നു. കേസ് ഡയറി പരിശോധിച്ച ശേഷം മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ തീരുമാനമെടുക്കൂ എന്ന് കോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന് കേസ് ഡയറി ഹാജരാക്കിയിരുന്നു.

വളരെ നീണ്ടുനിന്ന കൂടിയാലോചനകൾക്ക് ശേഷമാണ് ബിലാസ്പൂരിലെ എൻഐഎ കോടതിയിൽ തന്നെ ജാമ്യാപേക്ഷ നൽകാം എന്ന് സഭാനേതൃത്വം തീരുമാനിച്ചിരുന്നത്. എൻഐഎ കോടതിയെ സമീപിക്കാമെന്ന് സെഷൻസ് കോടതിയുടെ ഉത്തരവിലുണ്ടായിരുന്നു. തുടർന്നാണ് ജാമ്യാപേക്ഷയുമായി എൻഐഎ കോടതിയെ സമീപിച്ചത്.