എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമന തര്‍ക്കം സമവായത്തിലേക്ക്. പരിഹാരം കാണാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കെസിബിസി അധ്യക്ഷന്‍
മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുമായി കൂടികാഴ്ച്ച നടത്തി.
മാനേജ്‌മെന്റുകളുടെ കത്ത് ലഭിച്ച പശ്ചാത്തലത്തിലാണ് വിഷയം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയാല്‍ ഉടന്‍ യോഗം ചേരുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്രധാനപ്പെട്ട എല്ലാ മാനേജ്‌മെന്റ് പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിക്കുമെന്നും മന്ത്രി പറഞ്ഞു.
എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് ക്രൈസ്തവ മാനേജ്‌മെന്റുകള്‍ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് നടപടി. കെസിബിസി അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യമന്ത്രിയെ പരാതി അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെയും ക്ലീമിസ് ബാവ കണ്ടിരുന്നു.