വാക്‌സിനെടുക്കാത്ത അധ്യാപകരുടെ പട്ടിക ഇന്ന് പുറത്തുവിടുമെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ വിവരം ഇന്ന് ഉച്ച കഴിഞ്ഞ് പുറത്തുവിടുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സമൂഹത്തിന് ഈ വിവരം അറിയാൻ അവകാശമുണ്ട്. രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് സാധ്യമായതെല്ലാം ആരോഗ്യവകുപ്പുമായി ചേർന്ന് ചെയ്യുമെന്നും മന്ത്രി പറഞ്ഞു

ഏത് നിലയിൽ ഏത്ര പേർ വാക്‌സിനെടുത്തില്ലെന്ന് അറിയാൻ സമൂഹത്തിന് അവകാശമുണ്ട്. വാക്‌സിനെടുക്കാത്ത അധ്യാപകരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇന്ന് ഉച്ച കഴിഞ്ഞ് പുറത്തുവിടും. വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉത്തരവായി വരുന്ന പക്ഷം വിദ്യാഭ്യാസ വകുപ്പ് മറ്റ് നടപടികളിലേക്ക് കടക്കും.

വാക്‌സിനെടുക്കാത്ത അധ്യാപക-അനധ്യാപക ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. വാക്‌സിനെടുക്കാൻ കഴിയാത്തവർ ആഴ്ചയിലൊരിക്കൽ ആർടിപിസിആർ ടെസ്റ്റ് നടത്തി അത് ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ ഹാജരാക്കാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു