സ്‌കൂൾ തുറന്നിട്ടും വാക്സിൻ എടുക്കാത്ത അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. വാക്സിനേഷൻ എടുക്കാത്ത അധ്യാപകരും അനാധ്യാപകരും ക്യാമ്പസിനുള്ളിലേക്ക് പ്രവേശിക്കേണ്ടതില്ലെന്ന മാർഗരേഖ കർശനമായി നടപ്പിലാക്കും. വാക്സിൻ എടുക്കാത്ത അധ്യാപകരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ അതിന്റെ തെളിവ് ഹാജരാക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു
വാക്സിൻ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാക്സിൻ സ്വീകരിക്കാത്ത അധ്യാപകർ കാരണം ഒരു ദുരന്തം ഉണ്ടാകാൻ അനുവദിക്കില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. വാക്‌സിൻ എടുക്കാൻ വിമുഖത കാണിക്കുന്ന അധ്യാപകരെ പരിശോധിച്ച് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ടാൽ കർശന നടപടിയെടുക്കാൻ ഇന്നലെ സർക്കാർ നിർദേശിച്ചിരുന്നു. ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു.