ഡിസംബർ 15 മുതൽ രാജ്യാന്തര വിമാന സർവിസുകൾ പുനരാരംഭിക്കും

ന്യൂഡൽഹി:
കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച രാജ്യാന്തര വിമാന സർവിസുകൾ ഡിസംബർ 15 മുതൽ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ആഭ്യന്തര, വിദേശകാര്യ, ആരോഗ്യ കുടുംബഷേമ മന്ത്രാലയങ്ങളുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് തീരുമാനം.

കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞവർഷം മാർച്ച് 23 മുതൽ ഷെഡ്യൂൾഡ് രാജ്യാന്തര വിമാന സർവിസുകൾ നിർത്തിവെച്ചിരുന്നു. അവശ്യ സർവിസുകൾ മാത്രമാണ് നടത്തിയിരുന്നത്. എന്നാൽ, കോവിഡ് കേസുകളുടെ എണ്ണം കുറയുകയും വാക്സിനേഷൻ വർധിക്കുകയും ചെയ്തതോടെ എയർ ബബിൾ ക്രമീകരണത്തിന്‍റെ അടിസ്ഥാനത്തിൽ വിവിധ രാജ്യങ്ങളുമായി ചർച്ച ചെയ്ത് കഴിഞ്ഞ ജൂലൈ മുതൽ 28 രാജ്യങ്ങളിലേക്ക് വിമാന സർവിസ് ആരംഭിച്ചിരുന്നു.

നേരത്തെ, ദക്ഷിണാഫ്രിക്കയിൽ കോവിഡ് വൈറസിന്‍റെ പുതിയ വകഭേദം ബി.1.1.529 വ്യാപകമാകുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സർവിസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്ക പ്രകടിപ്പിച്ചിരുന്നു.