ദുബായ്: യു എ ഇയിലേക്കുള്ള ഇൻഡിഗോ വിമാനങ്ങൾ ഇന്ന് രാത്രി മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് എയർലൈൻ വ്യക്തമാക്കി. എല്ലാ യാത്രക്കാരെയും അറിയിച്ചിട്ടുണ്ടെന്നും യാത്രക്കാർക്കുണ്ടായ വിഷമങ്ങളിൽ ക്ഷമ ചോദിക്കുന്നുവെന്നും എയർലൈൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ആഗസ്റ്റ് 24 വരെ ഇൻഡിഗോ വിമാനങ്ങൾക്ക് യു എ ഇ അധികൃതർ വിലക്ക് ഏർപ്പെടുത്തിയെന്ന് ഇന്ന് രാവിലെ റിപ്പോർട്ടുണ്ടായിരുന്നു. വിമാനത്താവളത്തിൽ റാപ്പിഡ് ടെസ്റ്റ് പൂർത്തിയാക്കാത്ത യാത്രക്കാരെ ഇൻഡിഗോ വിമാനത്തിൽ രാജ്യത്ത് എത്തിച്ചതിന്റെ പേരിലായിരുന്നു വിലക്ക്. ഇന്ത്യയിൽ നിന്നുള്ള താമസക്കാർക്ക് പ്രവേശന മാനദണ്ഡത്തിന്റെ ഭാഗമായി റാപ്പിഡ് ടെസ്റ്റ് പൂർത്തിയാക്കേണ്ടതുണ്ട്.
ദുബൈയിലേക്ക് മാത്രം 11 നഗരങ്ങളിൽ നിന്ന് ഇൻഡിഗോയുടെ സർവീസുണ്ട്. ആയിരക്കണക്കിന് ആളുകൾ ഇക്കാരണത്താൽ കുടുങ്ങിയിരുന്നു.