പതിനഞ്ച് പേരെ കൂടി ഉൾപ്പെടുത്തി രാജസ്ഥാൻ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു

പതിനഞ്ച് പേരെ കൂടി ഉൾപ്പെടുത്തി രാജസ്ഥാനിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. 11 ക്യാബിനറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സച്ചിൻ പൈലറ്റ് ക്യാമ്പിലെ നേതാക്കളെ കൂടി ഉൾപ്പെടുത്തിയാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്.

മന്ത്രിസ്ഥാനത്ത് നിന്ന് കഴിഞ്ഞ വർഷം പുറത്താക്കപ്പെട്ട വിശ്വേന്ദ്ര സിംഗ്, രമേശ് മീണ എന്നിവരടക്കം അഞ്ച് പേർ സച്ചിൻ പൈലറ്റ് ക്യാമ്പിൽ നിന്ന് മന്ത്രിമാരായി. മൂന്ന് പേർക്ക് ക്യാബിനറ്റ് പദവി ലഭിച്ചു. രണ്ട് പേർ സഹമന്ത്രിമാരാണ്.

ഇതോടെ രാജസ്ഥാൻ മന്ത്രിസഭയുടെ എണ്ണം മുപ്പതായി. പുതുതായി മന്ത്രിപദവിയിലേക്ക് എത്തിയവരിൽ നാല് പേർ എസ് സി വിഭാഗത്തിൽപ്പെട്ടവരും മൂന്ന് പേർ എസ് ടി വിഭാഗത്തിൽ നിന്നുള്ളവരാണ്. സച്ചിൻ പൈലറ്റിന്റെ ഏറെക്കാലത്തെ ആവശ്യമാണ് ഇതോടെ നടപ്പായത്. ഇതോടെ രാജസ്ഥാൻ കോൺഗ്രസിലെ ആഭ്യന്തര കലഹങ്ങൾക്ക് താത്കാലിക ആശ്വസമായിട്ടുണ്ട്.