ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 102 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ ഉപകരിക്കാവുന്ന വിപുലമായ സൗകര്യങ്ങളാണ് ഈ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.
ആര്‍ദ്രം മിഷന്റെ ഒന്നാം ഘട്ടത്തില്‍ 170 കുടുംബാരോഗ്യകേന്ദ്രങ്ങളായിരുന്നു ലക്ഷ്യം വച്ചത്. രണ്ടാം ഘട്ടത്തില്‍ 504 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുകയും അതില്‍ 407 സ്ഥാപനങ്ങളുടെ നിര്‍മാണത്തിന് ഭരണാനുമതി ലഭ്യമാകുകയും ചെയ്തു.
സംസ്ഥാനം ആരോഗ്യമേഖലയില്‍ നേരത്തെ പ്രസംശ പിടിച്ചുപറ്റിയതാണെന്നും അത് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ഉദ്ദേശത്തോടെയാണ് ആര്‍ദ്രം മിഷന് ആരംഭിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഏതൊരു പരിപാടിയും അതിന്റെ പൂര്‍ണ മികവോടെ പൂര്‍ത്തിയാകുന്നതിന് ജനപങ്കാളിത്തം വളരെ പ്രധാനമാണ്. പങ്കാളിത്തം പൂര്‍ണതോതില്‍ ഉണ്ടായ സ്ഥലങ്ങളില്‍ മികവുറ്റ കുടുംബാരോഗ്യകേന്ദ്രങ്ങള്‍ കാണുന്നുണ്ട്.
മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ രാജ്യവും ലോകവും കേരളത്തിന്റെ പേര് നല്ല മാതൃകയുടെ ഭാഗമായി പല ഘട്ടങ്ങളിലായി എടുത്ത് പറഞ്ഞു. നമ്മുടെ വികേന്ദ്രീകരണാസൂത്രണത്തിന്റെ ഭാഗമായി നല്ല തോതില്‍ വ്യാപിച്ചു കിടക്കുന്ന ആരോഗ്യകേന്ദ്രങ്ങളുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യകേന്ദ്രങ്ങളും പ്രാദേശികമായി ആരോഗ്യസംവിധാനത്തില്‍ സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. കേരളത്തില്‍ ഏതു ഗ്രാമീണ മേഖലയെടുത്താലും എത്ര പിന്നോക്കം നില്ക്കുന്ന ജനവിഭാഗങ്ങളായാലും ചികിത്സ ലഭ്യമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.