Headlines

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേന; ഇന്ന് 93-ാമത് ഇന്ത്യൻ എയർഫോഴ്‌സ് ദിനം

ഇന്ന് 93-ാമത് ഇന്ത്യൻ എയർഫോഴ്‌സ് ദിനം. വ്യോമമേഖലയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന സേനാവിഭാഗമാണ് ഇന്ത്യൻ എയർ ഫോഴ്‌സ്. ഓപ്പറേഷൻ സിന്ദൂറിലും ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് പ്രകടമായി. 62 വർഷം വ്യോമസേനയ്ക്ക് തുണയായി നിന്ന മിഗ് പോർവിമാനങ്ങൾ സേവനത്തിൽ നിന്നും വിരമിച്ചതിനുശേഷമുള്ള ആദ്യ എയർഫോഴ്‌സ് ദിനം കൂടിയാണിത്.

ഗ്ലോബൽ ഫയർപവർ 2025 പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേനയാണ് ഇന്ത്യയുടേത്. ബ്രിട്ടീഷ് ഭരണകാലത്ത്, 1932 ഒക്ടോബർ 8-നാണ് ഇന്ത്യൻ എയർഫോഴ്സ് ആക്ട് അനുസരിച്ച് ഇന്ത്യൻ വ്യോമസേന ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടത്. തുടക്കത്തിൽ ‘റോയൽ ഇന്ത്യൻ എയർഫോഴ്സ്’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 1950-ൽ ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയപ്പോൾ, ബ്രിട്ടീഷ് ബന്ധം സൂചിപ്പിച്ചിരുന്ന ‘റോയൽ’ എന്ന വാക്ക് നീക്കം ചെയ്ത് ‘ഇന്ത്യൻ എയർ ഫോഴ്‌സ്’ എന്ന് പേര് മാറ്റി. 6 ഓഫീസർമാരും 19 ഭടന്മാരും നാലു വിമാനങ്ങളും മാത്രമാണ് തുടക്കത്തിൽ വ്യോമസേനയിൽ ഉണ്ടായിരുന്നത്. 1933 ഏപ്രിൽ 1-ന് ആദ്യ സ്‌ക്വാഡ്രൺ നിലവിൽ വന്നു.
2025-ലെ കണക്കുകൾ പ്രകാരം 2229 വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയ്ക്കുള്ളത്. റഫാൽ, സുഖോയ്, തേജസ്, മിറാഷ്, ജാഗ്വർ തുടങ്ങിയ പോർവിമാനങ്ങളും പ്രചണ്ഡ്, രുദ്ര, ചേതക്, ചിനൂക്, ധ്രുവ് തുടങ്ങിയ ഹെലികോപ്ടർ പടയും പുതിയകാല ചരക്കുവിമാനങ്ങളും അതിൽ ഉൾപ്പെടുന്നു. മുൻകാലയുദ്ധങ്ങളിലെന്നപോലെ, ഇക്കഴിഞ്ഞ മേയിൽ പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിലും ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് പ്രകടമായി.

ഇന്ത്യൻ വ്യോമസേനാ പൈലറ്റ് ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര പോയി മടങ്ങിവന്നത് വ്യോമസേനയ്ക്കും അഭിമാനനിമിഷമായി. പോരാട്ടങ്ങളിൽ 62 വർഷം വ്യോമസേനയ്ക്ക് തുണയായി നിന്ന മിഗ് പോർവിമാനങ്ങൾ സേവനത്തിൽ നിന്നും വിരമിച്ചതിനുശേഷമുള്ള ആദ്യ എയർഫോഴ്‌സ് ദിനം കൂടിയാണിത്. പ്രകൃതിദുരന്തങ്ങളിലും ദുരിതാശ്വാസപ്രവർത്തനങ്ങളിലും സംഘർഷഭൂമിയിൽ നിന്നുള്ള ഒഴിപ്പിക്കലിലും ഇന്ത്യൻ വ്യോമസേന നിസ്തുലസേവനമാണ് കാഴ്ച വയ്ക്കുന്നത്.