ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ എല്ലാ മരുന്നുകളും നിരോധിച്ചു. മരുന്നുകളുടെ വിതരണം കേരളത്തില്‍ നിര്‍ത്തിവയ്പ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചത് പിന്നാലെയാണ് നിരോധനം.കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലുമായി ഇതുവരെ 17 കുട്ടികളാണ് മരിച്ചത്
ഉത്തര്‍പ്രദേശ് ഉത്തരാഖണ്ഡ് കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോള്‍ഡ്രിഫ് കഫ് സിറപ്പ് നിരോധിച്ചിരുന്നു. അതിന് പിന്നാലെയാണ് പരാതിക്കിടയാക്കിയ കോള്‍ഡ്രിഫ് കഫ് സിറപ്പ് വിതരണം ചെയ്ത ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ എല്ലാ മരുന്നുകളും സംസ്ഥാനത്ത് നിരോധിച്ചത്.തമിഴ്നാട് കാഞ്ചിപുരത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ധാക്കാനുള്ള നടപടികള്‍ തമിഴ്നാട് ഡ്രഗ്സ് കണ്‍ട്രോളര്‍ ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു.സംസ്ഥാനത്ത് 5 വിതരണക്കാരാണ് ഈ മരുന്ന് വിതരണം നടത്തുന്നത്. അവര്‍ക്ക് മരുന്ന് വിതരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങള്‍ക്ക് പിന്നാലെ മധ്യപ്രദേശിലും രണ്ട് സിറപ്പുകള്‍ കൂടി നിരോധിച്ചിട്ടുണ്ട്. റീലൈഫ് , റെസ്പിഫ്രഷ് എന്നീ സിറപ്പുകളാണ് നിരോധിച്ചത്.രണ്ട് സിറപ്പുകളിലും ഉയര്‍ന്ന അളവില്‍ ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ കോള്‍ഡ്രിഫ് കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലുമായി 17 കുട്ടികളാണ് മരിച്ചത് . മധ്യപ്രദേശിലെ ചിന്ദ്വാഡയിലുള്ള 14 കുട്ടികള്‍ നാഗ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ് . ഇതില്‍ ആറു പേരുടെ നില ഗുരുതരം എന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശില്‍ മരിച്ച 14 കുട്ടികളില്‍ 11 പേരും ഉപയോഗിച്ചത് കോള്‍ഡ്രിഫ് കഫ് സിറപ്പ് എന്നാണ് സൂചന. അതേസമയം ചുമ ജലദോഷം എന്നിവക്കുള്ള മരുന്നുകള്‍ കുട്ടികള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ നല്‍കാവൂ എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശവുമുണ്ട്.