Headlines

കൺഫേം ടിക്കറ്റുകളുടെ യാത്രാ തീയതി മാറ്റാം; പുത്തൻ പരിഷ്കരണത്തിലേക്ക് ഇന്ത്യൻ റെയിൽവേ

പുത്തൻ പരിഷ്കരണത്തിലേക്ക് കടക്കാൻ ഇന്ത്യൻ റെയിൽവേ. കൺഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി മാറ്റി നൽകാനുള്ള സ‍ൗകര്യം ഏർപ്പെടുത്തും എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ജനുവരി ഒന്നു മുതൽ പുതിയ രീതി നടപ്പിലാക്കും. പുതിയ സംവിധാനം നിലവിൽ വന്നാൽ ഫീസ്‌ ഇല്ലാതെ ഓൺലൈനായി തന്നെ യാത്രാ തീയതി മാറ്റാൻ കഴിയും.

ഏത്‌ തീയതിയിലേക്കാണോ യാത്ര മാറ്റേണ്ടത് ആ ദിവസം സീറ്റൊഴിവുണ്ടായാൽ മാത്രമേ മാറ്റം സാധ്യമാവുകയുള്ളൂ‍. തീയതി മാറ്റേണ്ട ദിവസത്തെ ടിക്കറ്റ്‌ നിരക്ക്‌ കൂടുതൽ ആണെങ്കിൽ അധിക നിരക്ക് നൽകേണ്ടി വരുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ പ്രതികരണത്തിലാണ് പുത്തൻ പരിഷ്കരണത്തെക്കുറിച്ച് മന്ത്രി പരാമർശിച്ചത്.

നിലവിൽ യാത്രക്കാർ ടിക്കറ്റ് റദ്ദാക്കി പുതിയൊരെണ്ണം ബുക്ക് ചെയ്ത് യാത്രാ തീയതി മാറ്റേണ്ടതുണ്ട്. “ഈ സംവിധാനം അന്യായമാണ്, യാത്രക്കാരുടെ താൽപ്പര്യത്തിന് അനുയോജ്യമല്ല” അശ്വിനി വൈഷ്ണവ് പറഞ്ഞു. യാത്രക്കാർക്ക് അനുയോജ്യമായ പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് പുറപ്പെടുന്നതിന് 48 മുതൽ 12 മണിക്കൂർ മുമ്പ് വരെ കൺഫേം ടിക്കറ്റ് റദ്ദാക്കിയാൽ യാത്രാ നിരക്കിന്റെ 25 ശതമാനം കുറവ് വരിക. പുറപ്പെടുന്നതിന് 12 മുതൽ 4 മണിക്കൂർ മുമ്പുള്ള ടിക്കറ്റ് റദ്ദാക്കലുകൾക്ക് പിഴ വർദ്ധിക്കുകയും ചെയ്യുന്നു. റിസർവേഷൻ ചാർട്ട് തയ്യാറാക്കി കഴിഞ്ഞാൽ ടിക്കറ്റ് റദ്ദാക്കലുകൾക്ക് സാധാരണയായി പണം തിരികെ ലഭിക്കാറില്ല.