ജോജുവിനെ അസഭ്യം പറയുകയോ കഴുത്തിൽ കുത്തിപ്പിടിക്കുകയോ ചെയ്തിട്ടില്ലെന്ന് ടോണി ചമ്മണി

ജോജു ജോർജിനെ ആക്രമിക്കുകയും വാഹനം തല്ലി തകർക്കുകയും ചെയ്ത സംഭവത്തിൽ എഫ് ഐ ആർ ഇട്ടതിൽ പ്രതികരണവുമായി കൊച്ചി മുൻ മേയർ ടോണി ചമ്മണി. ജോജുവിന്റെ വാഹനം തകർത്ത കേസിലാണ് ടോണി ചമ്മണിക്കെതിരെ എഫ് ഐ ആർ ഇട്ടത്. ടോണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് വാഹനം തകർത്തതെന്നാണ് പോലീസ് പറയുന്നത്.

റോഡ് ഉപരോധത്തിനിടെ ജോജു ജോർജിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞതായും അക്രമത്തിന് നേതൃത്വം നൽകിയതും ടോണി ചമ്മണിയെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് ടോണി ചമ്മണി പറഞ്ഞു. ജോജുവിനെ അസഭ്യം പറയുകയോ കഴുത്തിൽ കുത്തിപ്പിടിക്കുകയോ ചെയ്തിട്ടില്ല. സമരം അലങ്കോലപ്പെടുത്തിയ സമയത്ത് വികാരപരമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാം. എന്നാൽ അദ്ദേഹത്തിന്റെ ദേഹത്ത് തൊട്ടിട്ടുപോലുമില്ലെന്നും ടോണി പറഞ്ഞു.

വനിതാ പ്രവർത്തകരെ അധിക്ഷേപിച്ചിട്ടില്ലെന്ന് ജോജു പറയുന്നതും കളവാണ്. ഇരുപതോളം വനിതാ പ്രവർത്തകർ ഉള്ളിടത്തു കൂടിയാണ് ജോജു വന്നത്. ഉത്തരവാദപ്പെട്ട വനിതാ പ്രവർത്തകർ കള്ളം പറയില്ല. ഇതിനെ നിയമപരമായി നേരിടുമെന്നും ടോണി ചമ്മണി പറഞ്ഞു.