പ്രതിദിന രോഗികളിലും ചികിത്സ തേടുന്നവരിലും കുറവുണ്ടായി; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണവിധേയം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപനം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിദിന രോഗികളുടെ എണ്ണത്തിലും ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണവും കുറയുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സിറോ സര്‍വേയില്‍ 82 ശതമാനത്തിന് പ്രതിരോധ ശേഷി കണ്ടെത്തി. കുട്ടികളില്‍ ഇത് 40 ശതമാനമാണ്.

സിറോ സര്‍വേ ഫലത്തിന് ശേഷം രോഗം ബാധിച്ചവരുടെ എണ്ണവും വാക്സിന്‍ കണക്കും വിലയിരുത്തിയാല്‍ 85-90 ശതമാനം ആളുകള്‍ക്ക് രോഗപ്രതിരോധ ശേഷി ഉണ്ടായതായി അനുമാനിക്കാം.വാക്സിനേഷന്റെ കാര്യത്തിലും സംസ്ഥാനത്തിന് മികച്ച പുരോഗതിയുണ്ട്. സംസ്ഥാനത്ത് 2.51 കോടി ആളുകള്‍ക്ക് ഒന്നാം ഡോസ് വാക്സിന്‍ കുത്തിവെപ്പ് നടത്തി. ആകെ വാക്സിനെടുക്കേണ്ടതില്‍ 94.08ശതമാനവും ഒന്നാം ഡോസ് സ്വീകരിച്ചു. .46.05 ശതമാനം ആളുകളാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി