എണ്ണ വിലക്കൊപ്പം പാചകവാതക വിലയും കുത്തനെ കൂട്ടി

 

ന്യൂഡല്‍ഹി: അടിക്കടി എണ്ണവില വര്‍ധിപ്പിച്ച് കൊള്ള തുടരുന്ന എണ്ണക്കമ്പനികള്‍ ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കി പാചാക വാതക വിലയും കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക വില ഇന്ന് സിലിണ്ടറിന് 15 രൂപയാണ് കൂട്ടിയത്. 14.2 കിലോ സിലിണ്ടറിന് കൊച്ചിയില്‍ 906.50 ആയി. ഈ വര്‍ഷം മാത്രം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറന് കൂട്ടിയത് 205.50 രൂപയാണ്. വാണിജ്യ സിലിണ്ടര്‍ വിലയില്‍ ഇന്ന് മാറ്റമില്ല. 1728 രൂപയായി ഇത് തുടരും. വാണിജ്യ സിലിണ്ടറിന് ഈ വര്‍ഷം 409 രൂപ വര്‍ധിപ്പിച്ചിരുന്നു.

പെട്രോള്‍ ഇന്ന് 30 പൈസയും ഡീസല്‍ 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലീറ്ററിന് 103.25 രൂപയും ഡീസല്‍ ലീറ്ററിന് 96.53 രൂപയുമാണു വില. ഇന്നലെ യഥാക്രമം 102.95 രൂപയും 96.16 രൂപയുമായിരുന്നു വില. ഡല്‍ഹയില്‍ പെട്രോള്‍ വില 102.64 രൂപയാണ്. മുംബൈയില്‍ 108.67 രൂപയായി. ഡീസലിന് ഡല്‍ഹിയില്‍ 91.07 രൂപയാണ്. 98.80 രൂപയാണ് മുംബൈയില്‍.