വ്യാജ ഐഡി കാര്‍ഡ് കേസ്: ചോദ്യം ചെയ്യലിനായി ഇന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹാജരായേക്കില്ല

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ കാര്‍ഡുണ്ടാക്കിയെന്ന കേസില്‍ ചോദ്യം ചെയ്യലിനായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹാജരായേക്കില്ല. ചോദ്യം ചെയ്യലിന് ഇന്ന് തിരുവനന്തപുരത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. പ്രതികളിലൊരാളുടെ മൊബൈലില്‍ നിന്ന് ലഭിച്ച ശബ്ദസന്ദേശത്തില്‍ രാഹുലിന്റെ പേര് വന്നതോടെയാണ് വീണ്ടും ചോദ്യം ചെയ്യല്‍

അടൂരും ഏലംകുളത്തുമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ ഇന്നലെ വ്യാപക പരിശോധന നടത്തിയിരുന്നു. സംഘടന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രേഖകളും പിടിച്ചെടുത്തതായാണ് വിവരം. കെഎസ്യു ജില്ലാ സെക്രട്ടറി നൂബിന്‍ ബിനുവിന്റെ മൊബൈല്‍ ഫോണ്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു.

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ രാഹുലിന്റെ ജയം ലക്ഷ്യമിട്ട് വ്യാജ ഐഡി കാര്‍ഡുകളുണ്ടാക്കി എന്നതായിരുന്നു കേസ്. സി ആര്‍ കാര്‍ഡ് എന്ന ആപ്പ് വഴിയായിരുന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. അതേസമയം ലൈംഗിക ആരോപണ വിവാദവുമായി ബന്ധപ്പെട്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ക്രൈംബ്രാഞ്ച് ചടുലമായ നീക്കങ്ങള്‍ നടത്തുകയാണ്. ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ച സ്ത്രീകളുടെ മൊഴി അടക്കം ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം രേഖപ്പെടുത്തി വരികയാണ്.