ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവകള്‍ മിക്കതും നിയമവിരുദ്ധമാണെന്ന് അമേരിക്കന്‍ അപ്പീല്‍ കോടതി. അടിയന്തര സാമ്പത്തിക സാഹചര്യത്തിലാണ് താരിഫുകള്‍ പ്രഖ്യാപിച്ചതെന്ന ട്രംപിന്റെ വാദം കോടതി തള്ളി. ഒക്ടോബര്‍ 14നുള്ളില്‍ സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കാം. അതുവരെ വിധി പ്രാബല്യത്തില്‍ വരില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം കോടതി നിരീക്ഷണം തള്ളി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. അമേരിക്കയെ തകര്‍ക്കാനുള്ള നീക്കമെന്നും അപ്പീല്‍ കോടതി പക്ഷപാതപരമായി പെരുമാറുന്നെന്നും ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഇറക്കുമതിച്ചുങ്കത്തെ മറ്റ് രാജ്യങ്ങളില്‍ സാമ്പത്തികവും രാഷ്ട്രീയവുമായ സമ്മര്‍ദം ചെലുത്താനുള്ള ഉപകരണമായി കാണുന്ന ട്രംപിന്റെ വീക്ഷണത്തോട് കോടതി രൂക്ഷമായാണ് പ്രതികരിച്ചത്. തന്റെ താരിഫ് നയങ്ങള്‍ അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം (emergency economic powers act) പ്രകാരം അനുവദനീയമാണെന്നായിരുന്നു ട്രംപിന്റെ വാദം. എന്നാല്‍ ഈ വാദം കോടതി തള്ളുകയും ട്രംപിന്റെ ഭൂരിഭാഗം താരിഫുകളും നിയമവിരുദ്ധമാകുമെന്ന് വ്യക്തമാക്കുകയുമായിരുന്നു.
അപ്രതീക്ഷിതയും അസാധരണവുമായ വെല്ലുവിളികളെ നേരിടുന്നതിനായി അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം പ്രസിഡന്റിന് നല്‍കിയിട്ടുള്ള വിവേചനാധികാരം ഇത്തരത്തില്‍ ഇറക്കുമതിച്ചുങ്കം പ്രഖ്യാപിക്കാന്‍ ഉപയോഗിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ കോടതി വിധിക്കെതിരെ ട്രംപ് ട്രൂത്ത് സോഷ്യലില്‍ ആഞ്ഞടിച്ചു. കോടതി തീരുമാനം അമേരിക്കയെ നശിപ്പിക്കാന്‍ പോന്നതാണെന്നാണ് ട്രംപിന്റെ വിമര്‍ശനം. കോടതി പറഞ്ഞത് പ്രകാരം മുന്നോട്ടുപോയാല്‍ അത് അമേരിക്കയെ ദുര്‍ബലപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു.