അനധികൃത സ്വത്ത് സമ്പാദനകേസിൽ കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ

 

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയിലടക്കം കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ നല്‍കി. സുധാകരനെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്.

സുധാകരന്റെ മുൻ ഡ്രൈവറായ പ്രശാന്ത് ബാബുവാണ് അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന് കാണിച്ച് വിജിലൻസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സുധാകരനെതിരെ കുറ്റം ചുമത്താനുള്ള വകുപ്പുകൾ ഉണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് തെളിവു ശേഖരണത്തിനായി വിശദമായ അന്വേഷണം വേണമെന്ന് വിജിലൻസ് ശുപാർശ ചെയ്തത്. ജൂണിലായിരുന്നു പ്രശാന്ത് ബാബു പരാതി നൽകിയത്.

കണ്ണൂര്‍ ഡിസിസി ഓഫിസ് നിര്‍മാണം, കെ. കരുണാകരന്‍ ട്രസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട് കെ സുധാകരന്‍ സാമ്പത്തികതിരിമറി നടത്തിയെന്നാണ് പരാതി. 2010ല്‍ കെ. കരുണാകരെന്റ മരണത്തിനുശേഷമാണ് കെ. സുധാകരന്‍ ചെയര്‍മാനായി കെ. കരുണാകരന്‍ സ്മാരക ട്രസ്റ്റ് രൂപവത്കരിച്ചത്. ചിറക്കല്‍ കോവിലകത്തിന്റെ ഉടമസ്ഥതയിലായിരുന്ന രാജാസ് ഹയര്‍സെക്കണ്ടറി, യുപി സ്‌ക്കൂളുകള്‍, ഏഴ് ഏക്കര്‍ സ്ഥലം തുടങ്ങിയവ 16 കോടി രൂപക്ക് വാങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോടികള്‍ സമാഹരിച്ച ശേഷം സുധാകരന്‍ തന്നെ ചെയര്‍മാനായി കണ്ണൂര്‍ എജ്യൂപാര്‍ക്ക് എന്ന സ്വകാര്യ കമ്പനി രൂപവത്കരിച്ചത്.

ഈ കമ്പനിയുടെ പേരില്‍ സ്‌കൂള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതോടെ ഇടപാടില്‍നിന്ന് കോവിലകം മാനേജ്മെന്റ് പിന്മാറി. സ്‌കൂള്‍ പിന്നീട് ചിറക്കല്‍ സര്‍വിസ് സഹകരണ ബാങ്ക് വാങ്ങി. ഇടപാട് നടന്നില്ലെങ്കിലും പിരിച്ചെടുത്ത പണം പലര്‍ക്കും ഇനിയും തിരിച്ചുകൊടുത്തില്ലെന്നാണ് പ്രശാന്ത് ബാബു വിജിലന്‍സിന് നല്‍കിയ പരാതി.