എല്ലാ ദിവസവും പത്രസമ്മേളനം വിളിച്ച് രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചെന്നിത്തലയുടേത് പ്രത്യേക മാനസിക നിലയാണ്. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു കിട്ടണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഇതിനായി പല പ്രസ്താവനകളും അദ്ദേഹം ഓരോ ദിവസവും നടത്തുന്നു. അദ്ദേഹത്തിന്റെ പ്രത്യേക മാനസിക നിലക്ക് മറുപടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
ശബരിമല വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തുന്നതിന് മുമ്പ് തന്നെ കൺസൾട്ടൻസിയെ നിയോഗിച്ചതിലൂടെ 4.6 കോടി രൂപ പാഴായെന്ന ചെന്നിത്തലയുടെ ആരോപണത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്ന് നൂറ് ശതമാനം ഉറപ്പുള്ളതു കൊണ്ടാണ് ശബരിമല വിമാനത്താവള സാധ്യത പരിശോധിച്ചത്.
സർക്കാരിന്റെ ഉടമസ്ഥത സ്ഥാപിച്ചെടുത്ത ശേഷം സാധ്യതാ പഠനം ആരംഭിച്ചാൽ ഗണപതി കല്യാണം പോലെയാകും. ശബരിമല വിമാനത്താവളം വരരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിനെതിരെ വിമർശനം ഉന്നയിക്കുന്നത്. സുതാര്യമായ പ്രക്രിയയിലൂടെയാണ് സാധ്യതാ പഠനത്തിനും പരിസ്ഥിതി ആഘാത പഠനത്തിനും കൺസൾട്ടൻസിയെ നിയോഗിച്ചത്